Share this Article
image
ഇൻറർ കോണ്ടിനെന്റൽ ലീഗ്സ് കപ്പിൽ മെസിയുടെ ഇൻറർ മയാമിക്ക് ചരിത്ര കിരീടം
Messi's Inter Miami win the Intercontinental League Cup

ഇൻറർ കോണ്ടിനെന്റൽ ലീഗ്സ് കപ്പിൽ മെസിയുടെ ഇൻറർ മയാമിക്ക് ചരിത്ര കിരീടം. വാശിയേറിയ ഫൈനലിൽ നാഷ് വില്ലെയെ സഡൻഡെത്തിൽ മറികടന്നാണ് മയാമിയുടെ മെസ്സിപ്പട ചരിത്ര കിരീടത്തിൽ മുത്തമിട്ടത്. 

ചരിത്ര ഫൈനൽ കൺകുളിർക്കെ കാണാൻ എത്തിയ ആരാധകരെ അക്ഷരാർത്ഥത്തിൽ ആഹ്ലാദത്തിലാറാടിക്കുകയായിരുന്നു മയാമിയുടെ മെസിപ്പട. ആർത്തിരമ്പിയ ആരാധകപ്പടയ്ക്ക്  മുന്നിൽ ആൽബയും ബുസ്ക്വിറ്റ്സും മിന്നിത്തെളിഞ്ഞപ്പോൾ മയാമിയുടെ ആദ്വ ഗോളെത്തി. ഇരുപത്തി മൂന്നാം മിനുട്ടിൽ ലയണൽ മെസിയിലൂടെ ഹെറോൺസ് ലീഡെടുത്തു. 

ആദ്യ പകുതിയിൽ സമനില ഗോൾ നേടാനുള്ള നാഷ് വില്ലെയുടെ ശ്രമങ്ങൾ മയാമിയുടെ പ്രതിരോധത്തിന് മുന്നിൽ വിഫലമായി. ഗോൾ മടക്കാനുള്ള നാഷ് വില്ലെയുടെ ശ്രമങ്ങൾ 57 ആം മിനുട്ടിൽ ഫലം കണ്ടു. 

മയാമി ഗോളി ഡ്രേക്ക് കാളൻഡറെ നിസ്സഹായനാക്കി പിക്കോൾട്ടിന്റെ വക സമനില ഗോൾ. വിജയ ഗോൾ നേടാനായി ടീമുകൾ ഇഞ്ചോടിഞ്ച് പോരടിച്ചപ്പോൾ ജിയോഡിസ്പാർക്ക് സ്റ്റേഡിയം ആവേശക്കടലായി. മുഴുവൻ സമയത്ത് ഇരു ടീമുകളും തുല്യത പാലിച്ചതോടെ മത്സരം പെനാൽട്ടി ഷൂട്ടൌട്ടിലേക്ക്. പിന്നെ ആരാധകർക്ക് ഉദ്വേഗജനകമായ നിമിഷങ്ങൾ. 

പെനാൽട്ടി ഷൂട്ടൌട്ടിലും കണ്ടത് ഇഞ്ചോടിഞ്ച് പോരാട്ടം. സഡൻ ഡെത്തിൽ 9 നെതിരെ 10 ഗോളുകൾക്ക് മയാമിക്ക് ത്രസിപ്പിക്കുന്ന വിജയം.ജിയോഡിസ് പാർക്ക് സ്‌റ്റേഡിയത്തിൽ ചരിത്രമുഹൂർത്തം.ഇൻറർ മയാമിയുടെ അജയ്യതയ്ക്ക് കിരീടത്തോടെ പരിസമാപ്തി.

എംഎല്‍എസിലെ സ്ഥിരം എതിരാളിയായ നാഷ് വില്ലെ സോക്കര്‍ക്ലബ്ബിന് തട്ടകത്തിൽ  തോൽവി.ടൂർണമെന്റിൽ കളിച്ച 7 മത്സരങ്ങളിൽ നിന്നും ആകെ 10 ഗോൾ നേടിയ മെസി തന്നെയാണ് ഏറ്റവും മികച്ച ഗോൾ വേട്ടക്കാരൻ.  

ടൂർണമെന്റിൽ മയാമിയുടെ മെസ്സിപ്പടയുടെ പട്ടാഭിഷേകം. ടൂർണമെന്റുകളിൽ ഇതേ വരെ കിരീടമില്ലാത്ത മയാമിയുടെ കിരീട നേട്ടം തിമിർത്താഘോഷിച്ച് മെസി ആരാധകർ. ജീവിതപങ്കാളി അന്റോണെല്ലക്കും മക്കൾക്കും ഒപ്പം മയാമി ആരാധകരുടെ സ്നേഹ പ്രകടനങ്ങൾ ഏറ്റുവാങ്ങി കാൽപന്ത് കളിയിലെ മിശിഹയ്ക്ക് മടക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories