കാല്‍പന്ത് കളി പ്രേമികളെ ആവേശത്തിലാറാടിക്കുന്നതാണ് ഇഷ്ടതാരങ്ങളുടെ ഗോളാഘോഷങ്ങള്‍. ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത് റയല്‍മാഡ്രിഡിന്റെ സൂപ്പര്‍താരം ജൂഡ് ബെല്ലിങ്ങാമിന്റെ സെലിബ്രേഷന്‍സാണ്.
ജൂഡ് ബെല്ലിങ്ങാം എന്ന പേര് ഗലാറ്റിക്കോസ് ആരാധകര്‍ക്കിടയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള കാല്‍പന്ത് കളിപ്രേമികള്‍ക്കിടയിലും ഇപ്പോള്‍ സുപരിചിതമാണ്. ഗോളടിച്ചും ഗോളടിപ്പിച്ചുമാണ് ഈ ഇംഗ്ലണ്ടുകാരന്‍ കാല്‍പന്ത്കളിപ്രേമികളുടെ മനസ്സിലേക്ക് ചേക്കേറിയത്.മാസ്മരികഗോളുകളിലൂടെ ജൂഡ് നടപ്പ് സീസണില്‍ കിടിലന്‍ പ്രകടനം തുടരുമ്പോള്‍ ആരാധകരും ഹര്‍ഷോന്മാദത്തിലാണ്.ജൂഡിന്റെ ഐക്കണിക് സെലബ്രേഷന്‍സാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം.ഉയര്‍ന്നുചാടി കൈകള്‍ വിരിച്ചുകൊണ്ട് നില്‍ക്കുന്ന ജൂഡിന്റെ ഗോളാഘോഷം ആരാധകര്‍ അത്രയേറെ ഇഷ്ടപ്പെട്ടുകഴിഞ്ഞു.ലാലീഗയില്‍ ഇതേവരെയായി 10 ഗോളുകളാണ് ജൂഡ് സ്‌കോര്‍ ചെയ്തത്.ഈ ഐക്കണിക് ഗോളാഘോഷം എപ്പോഴാണ് തുടങ്ങിയതെന്ന് തുടങ്ങിയതെന്ന കാര്യത്തില്‍ ജൂഡും ആശയക്കുഴപ്പത്തിലാണ്.
ബര്‍മിങ്ഹാംസിറ്റിക്ക് വേണ്ടി കളിക്കുന്ന കാലത്ത് തന്നെ ഈ രീതിയിലാണ് ഗോളാഘോഷിച്ച് തുടങ്ങിയതെന്നാണ് ഈ ഗലാറ്റിക്കോസ് സെന്‍സേഷന്‍താരത്തിന്റെ അഭിപ്രായം.ജര്‍മന്‍ക്ലബ്ബ് ബൊറൂസിയഡോര്‍ട്ട്മുണ്ടില്‍ നിന്ന് നടപ്പ് സീസണിലാണ് ഈ 19കാരന്‍ സാന്റിയാഗോ ബെര്‍ണാബ്യുവിലേക്ക് എത്തിയത്.ഏകദേശം 1,139 കോടി രൂപയാണ് ജൂഡ് ബെല്ലിങ്ങാമിനായി റയല്‍ മുടക്കിയത്.ഇംഗ്ലണ്ട് ദേശീയടീമിനായി കഴിഞ്ഞ ലോകകപ്പില്‍ ജൂഡ് മിന്നുംപ്രകടനമാണ് പുറത്തെടുത്തത്.ടോണിക്രൂസും ലൂക്കമോഡ്രിച്ചും കസമീറോയും അടക്കിഭരിച്ചിരുന്ന ഗലാറ്റിക്കോസ് മധ്യനിരയുടെ ചുക്കാന്‍ ഇപ്പോള്‍ ഈ ഇംഗ്ലണ്ടുകാരന്റെ കയ്യിലാണ്.അതിനാല്‍ തന്നെ റയല്‍മാഡ്രിഡ് ജഴ്‌സിയിലെ ജൂഡ്‌ഷോയ്ക്കായി കട്ടവെയ്റ്റിംഗിലാണ് നാടെങ്ങുമുള്ള ആരാധകര്‍.