ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിംഗ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ പഞ്ചാബിന് മത്സരം നിര്‍ണായകമാണ്. വൈകിട്ട് 7.30നാണ് മത്സരം. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയത്തില്‍ കുറഞ്ഞൊന്നും മതിയാവാത്ത പഞ്ചാബ്. പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചെങ്കിലും ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ച് സീസണ്‍ അവസാനിപ്പിക്കാനിറങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്. അവസാന 5 മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചാണ് ഇരു ടീമുകളുടെയും വരവ്. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ബാറ്റിംഗ് നിര നിരാശപ്പെടുത്തിയപ്പോള്‍ പ്രഭ്‌സിമ്രന്‍ സിംഗിന്റെ ഒറ്റയാള്‍ പോരാട്ടമാണ് പഞ്ചാബിന് തുണയായത്. ടോപ് ഓര്‍ഡര്‍ ഫോമിലെത്തിയാല്‍ ടീമിന് ആശങ്ക വേണ്ട. സാം കറന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിരയും താളം കണ്ടെത്തേണ്ടതുണ്ട്. മറുവശത്ത് ബാറ്റിംഗിലെ സ്ഥിരതയില്ലായ്മ തന്നെയാണ് ഡല്‍ഹിയെ ഇപ്പോഴും അലട്ടുന്നത്. ക്യാപ്റ്റന്‍ വാര്‍ണറിന്റെയും ഫിലിപ് സാള്‍ട്ടിന്റെയും പ്രകടനങ്ങളൊഴിച്ചാല്‍ ബാറ്റിംഗ് നിരയില്‍ തുടര്‍ച്ചയായ നിരാശയായിരുന്നു. ബൗളിംഗില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു. അക്‌സര്‍ പട്ടേലിന്റെ ഓള്‍റൗണ്ട് മികവ് മാത്രമാണ് സീസണില്‍ ടീമിന് മുതല്‍ക്കൂട്ടായുണ്ടായിരുന്നത്. പട്ടികയില്‍ 12 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി എട്ടാംസ്ഥാനത്താണ് പഞ്ചാബ്. ഡല്‍ഹി എട്ട് പോയിന്റുമായി അവസാന സ്ഥാനത്തുതന്നെ.