ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്- പഞ്ചാബ് കിങ്‌സ് പോരാട്ടം. ഗുവാഹത്തിയിലെ എസിഎ സ്‌റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് മത്സരം. അതേസമയം ടി-ട്വന്റി ലോകകപ്പിനായി ഇംഗ്ലണ്ട് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയത് മത്സരത്തിന്റെ മാറ്റ് കുറയ്ക്കും.
12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സുള്ളത്. മികവാര്‍ന്ന പ്രകടനത്തോടെ രാജസ്ഥാന്‍ ഇതിനോടകം തന്നെ പേഓഫ് ഉറപ്പിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ കൂടി ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുകയാണ് ടീമിന്റെ ലക്ഷ്യം.
അതേസമയം 12 മത്സരങ്ങളില്‍ നിന്ന് കേവലം 8 പോയിന്റ് മാത്രമുള്ള പഞ്ചാബ് കിങ്‌സ് പ്ലേ ഓഫില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു. അവസാന മത്സരങ്ങള്‍ ജയിച്ച് സീസണ്‍ അവസാനിപ്പിക്കാനാവും ടീം ലക്ഷ്യമിടുന്നത്. എന്നാല്‍ ട്വന്റി ട്വന്റി ലോകകപ്പിന് മുന്നോടിയായി ദേശീയ ടീമിനൊപ്പം ചേരാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയതോടെ ഇരുടീമുകള്‍ക്കുമത് കനത്ത തിരിച്ചടിയാകും.
രാജസ്ഥാന്റെ ഓപ്പണര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍ നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. ഇതോടെ രാജസ്ഥാന്റെ ഓപ്പണിങ്ങില്‍ വലിയ വിടവ് സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. പ്ലേ ഓഫില്‍ ടീമിനെ ഇത് ദോഷകരമായി ബാധിക്കും. പഞ്ചാബ് താരം ലിയാം ലിവിങ്‌സറ്റണ്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങി.
നായകന്‍ സാം കറന്‍ അടക്കമുള്ള താരങ്ങള്‍ ഇന്നത്തെ മത്സരത്തിന് പിന്നാലെ നാട്ടിലേക്ക് മടങ്ങും. എന്നാല്‍ പ്ലേ ഓഫ് സാധ്യത അവസാനിച്ചതിനാല്‍ പഞ്ചാബിന് വലിയ പ്രശ്നങ്ങളില്ല. ജൂണ്‍ ആദ്യവാരമാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇതിന് ഇനിയും സമയുണ്ടെന്നിരിക്കെ നേരത്തെ തന്നെ ഇംഗ്ലണ്ട് താരങ്ങള്‍ ടീം വിട്ടതിനെതിരെ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്.