Share this Article
image
ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 ഇന്ന്
cricket

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 ഇന്ന്. രാത്രി ഏഴുമണിക്ക് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുമ്പോള്‍ ആദ്യജയം തേടുകയാണ് ബംഗ്ലാദേശ്.

ആദ്യമത്സരത്തില്‍ ഏഴുവിക്കറ്റിന് സന്ദര്‍ശകരെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് പരമ്പര തേടി ഇന്ത്യയിറങ്ങുക. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച ഫോം തുടരുന്ന യുവനിരയാണ് ആതിഥേയരുടെ കരുത്ത്.

ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഓപ്പണിങ്ങില്‍ സഞ്ജു സാസണും, അഭിഷേക് ശര്‍മ്മയും കരുത്തുകാട്ടും. നായകന്‍ സൂര്യകുമാര്‍ യാദവ് മികച്ച ഫോമില്‍. ഓള്‍ റൗണ്ടര്‍ നിരയില്‍ ഹര്‍ദിക് പാണ്ഡ്യ നെടുംതൂണാകും.

പേസ് കരുത്തായി അര്‍ഷ്ദീപ് സിംഗും സ്പിന്‍ മാന്ത്രികതയുമായി വരുണ്‍ ചക്രവര്‍ത്തിയും ചേരുമ്പോള്‍ ബംഗ്ലാദേശിന് എളുപ്പമാകില്ല. അതേസമയം ബൗളിങ്ങില്‍ ശ്രദ്ധയൂന്നി പവര്‍പ്ലേയില്‍ റണ്‍സുയര്‍ത്താനാകും ബംഗ്ലാദേശ് ശ്രമിക്കുക.

നായകന്‍ നജ്മുല്‍ ഹൊസൈന്‍, ഓള്‍റൗണ്ടര്‍ മെഹിദി ഹസന്‍, റിഷാദ് ഹുസൈന്‍ ലിട്ടണ്‍ ദാസ് തുടങ്ങിയ താരങ്ങളാണ് സന്ദര്‍ശകരുടെ കരുത്ത്. മുസ്തിഫിസുര്‍ റഹ്‌മാന്‍, ഷൊറിഫുള്‍ ഇസ്ലാം എന്നിവരുടെ ബൗളിങ്ങും ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കുന്നു.

2019ല്‍ ഡല്‍ഹിയില്‍ ഒടുവിലായി ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ബംഗ്ലാദേശ് ജയിച്ചിരുന്നു. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ കരുത്തുകാട്ടാനുറച്ച് ഇന്ത്യയിറങ്ങുമ്പോള്‍. ആദ്യ ജയം ലക്ഷ്യമിടുകയാണ് ബംഗ്ലാദേശ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories