സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗോവയെ 11 റണ്‍സിന് തോല്‍പിച്ച് കേരളം. മഴമൂലം 13 ഓവറാക്കി ചുരുക്കിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത് കേരളം 6 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗോവ 7.5 ഓവറില്‍ 69 റണ്‍സെടുത്തപ്പോഴേക്കും വീണ്ടും മഴ എത്തി.
വിജെഡി നിയമപ്രകാരം ഗോവ ഈ സമയത്ത് ലക്ഷ്യമിട്ട സ്‌കോറിനേക്കാള്‍ 12 റണ്‍സ് പുറകിലായിരുന്നു. ഇതോടെ കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 15 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ സജ്ഞു സാംസണിന്റെയും 20 പന്തില്‍ 34 റണ്‍സെടുത്ത സല്‍മാന്‍ നാസറിന്റെയും ഇന്നിംഗ്‌സുകളാണ് കേരളത്തിന് തുണയായത്. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ നാലാം വിജയമാണിത്.