ബാങ്കോക്കിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം അബ്ദുള്ള അബൂബക്കറിന് സ്വർണം. ട്രിപ്പിൾ ജംപിൽ 16.92 മീറ്റർ ചാടിയാണ് സ്വർണം നേടിയത്. ജപ്പാന്റെ ഹികാരു ഇകെഹാത (16.73 മീറ്റർ) വെള്ളിയും, കൊറിയയുടെ ജാൻഫു കിം(16.59) വെങ്കലവും നേടി. ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാം സ്വർണം കൂടിയാണിത്. നേരത്തെ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യർരാജിയും 1500 മീറ്റർ അജയ് കുമാറും സ്വർണം നേടിയിരുന്നു.
രണ്ടാം ദിനമായ ഇന്ന് രണ്ട് സ്വര്‍ണത്തിനു പുറമെ ഒരു വെങ്കലവും ഇന്ത്യ നേടി. വനിതകളുടെ 400 മീറ്ററില്‍ 53.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഐശ്വര്യ മിശ്രയാണ് ഇന്ത്യക്ക് നേട്ടം സമ്മാനിച്ചത്.
നേരത്തെ വെങ്കല മെഡലോടെയാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ കുതിപ്പു തുടങ്ങിയത്. പുരുഷന്‍മാരുടെ 10000 മീറ്ററില്‍ ഇന്ത്യയുടെ അഭിഷേക് പാലാണ് വെങ്കലം നേടിയത്. 29 മിനുറ്റും 33.26 സെക്കന്‍ഡുമെടുത്താണ് താരം 10000 മീറ്റര്‍ ഫിനിഷ് ചെയ്തത്.