ടി20 ലോകകപ്പില്‍ ഇന്ന് പാകിസ്താന്‍ കാനഡയെ നേരിടും. രാത്രി എട്ടുമണിക്ക് ഈസ്റ്റ് മെഡോവിലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട പാകിസ്താന് ജയം അനിവാര്യമാണ്.
ആദ്യ മത്സരത്തില്‍ അമേരിക്കയോടേറ്റ അപ്രതീക്ഷിത തോല്‍വി, രണ്ടാം മത്സരത്തില്‍ വീണത് ഇന്ത്യയ്ക്ക് മുന്നില്‍. ഈ രണ്ട് പരാജയങ്ങളുടെയും ക്ഷീണം മറക്കാന്‍ പാകിസ്താന് കാനഡയോട് ജയം അനിവാര്യമാണ്. കരുത്തരായ താരങ്ങളുണ്ടായിട്ടും ടീമിന് താളം കണ്ടെത്താനായിട്ടില്ല.
ബാബര്‍ അസം നയിക്കുന്ന ടീമില്‍ ബാബര്‍ അസമിനൊപ്പം, മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ഉസ്മാന്‍ ഖാന്‍ എന്നിവരാണ് ബാറ്റിങ് കരുത്ത്. മധ്യനിരയില്‍ ഇഫ്തിഖാര്‍ അഹമ്മദും പ്രതീക്ഷയേകുന്നു. ഹാരിസ് റൗഫ് നയിക്കുന്ന ബൗളിങ് നിരയില്‍ നസീം ഷാ, മുഹമ്മദ് അമിര്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ കനേഡിയന്‍ നിരയ്ക്ക് വെല്ലുവിളിയാകും.
ആദ്യ മത്സരത്തില്‍ അമേരിക്കയോട് പരാജയപ്പെട്ടെങ്കിലും, രണ്ടാം മത്സരത്തില്‍ അയര്‍ലന്‍ഡിനോട് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കാനഡ. ക്രിക്കറ്റിലെ ഇത്തിരിക്കുഞ്ഞന്‍മാരാണെങ്കിലും ഏത് വമ്പന്മാരാടും പോരാടാന്‍ കരുത്തുള്ള ടീമുമായാണ് ടീം ലോകകപ്പിനിറങ്ങിയിരിക്കുന്നത്.
സാദ് ബിന്‍ സഫര്‍ നയിക്കുന്ന ടീമില്‍ നവനീത് ധലിവാള്‍, നിക്കോളാസ് കിര്‍ട്ടണ്‍, ശ്രേയസ് മൊവ്വ, ആരോണ്‍ ജോണ്‍സണ്‍ എന്നിവരാണ് ബാറ്റിങ്ങില്‍ പ്രതീക്ഷ. ഡിലോണ്‍ ഹെലിഗര്‍, കലീം സന, നിഖില്‍ ദത്ത എന്നിവര്‍ ബൗളിങ്ങിലും കരുത്ത് പകരും. ബൗളര്‍മാരെ തുണയ്ക്കുന്ന നാസൗ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുക.