ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് കാനഡയെ നേരിടും. രാത്രി എട്ടുമണിക്ക് ഫ്‌ളോറിഡയിലാണ് മത്സരം. ജയം തുടരാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ ആശ്വാസ ജയം തേടുകയാണ് കാനഡ
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും ജയിച്ച് കരുത്തുകാട്ടുക ലക്ഷ്യമിട്ടാകും ഇന്ത്യ കാനഡയ്‌ക്കെതിരെ ഇറങ്ങുക. മികച്ച താരങ്ങളുണ്ടായിട്ടും ബാറ്റിങ്ങില്‍ താളം കണ്ടെത്താനാകാത്തതാണ് ടീം നേരിടുന്ന പ്രതിസന്ധി.
എന്നാല്‍ ബൗളിങ്ങ് നിര മികച്ച ഫോമിലാണ്. നായകന്‍ രോഹിത് ശര്‍മയ്ക്കൊപ്പം വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, എന്നിവരാണ് ബാറ്റിങ്ങില്‍ പതീക്ഷ. മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും കരുത്തുപകരും. ബൗളിങ്ങില്‍ മികച്ച ഫോം തുടരുന്ന ജസ്പ്രീത് ബുംമ്രയാണ് നെടുംതൂണ്‍. മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിംഗും കുല്‍ദീപ് യാദവും
ചേരുമ്പോള്‍ കനേഡിയന്‍ പടയ്ക്ക് വെല്ലുവളിയാകും. മലയാളി താരം സഞ്ജു സാസണും ടീമില്‍ ഇടം നല്‍കാനും സാധ്യതയുണ്ട്. അതേ സമയം കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒരു മത്സരം മാത്രമാണ് കാനഡയ്ക്ക് ജയിക്കാനായത്. സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ മങ്ങിയ ടീം ആശ്വാസ ജയം തേടിയാണ് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുന്നത്.
സാദ് ബിന്‍ സഫര്‍ നയിക്കുന്ന ടീമില്‍ നവനീത് ധലിവാള്‍, നിക്കോളാസ് കിര്‍ട്ടണ്‍, ശ്രേയസ് മൊവ്വ, ആരോണ്‍ ജോണ്‍സണ്‍ എന്നിവരാണ് ബാറ്റിങ്ങില്‍ പ്രതീക്ഷ. ഡിലോണ്‍ ഹെലിഗര്‍, കലീം സന, നിഖില്‍ ദത്ത എന്നിവര്‍ ബൗളിങ്ങിലും കരുത്ത് പകരും.
ബാറ്റിങ്ങിന് അനുകൂലമായ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്കിലെ പിച്ചില്‍ മഴഭീഷണിയും നിലനില്‍ക്കുന്നുണ്ട്. സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.