അഞ്ച് നിറത്തില്‍ തുല്യ അളവിലുളള അഞ്ച് വളയങ്ങള്‍. ഒളിംപിക്സ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന ചിത്രം. ലോകം ഒളിംപിക്സ് ആവേശത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ എന്താണ് ഈ ചിഹ്നത്തിന്റെ പ്രത്യേകതകള്‍ എന്നറിയേണ്ടേ. ഒപ്പം പാരീസ് ഒളിംപിക്സിന്റെ ഔദ്യോഗിക ചിഹ്നമായ ഫ്രീജസിനെ പറ്റിയും ഒന്നു പരിശോധിക്കാം.
കായിക മാമാങ്കത്തിന് ഔദ്യോഗികമായി തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഒളിംപിക്സെന്നാല്‍ ലോകത്തിന് അഞ്ച് വളയങ്ങളാണ്. നീല, മഞ്ഞ,കറുപ്പ്,പച്ച,ചുവപ്പ് എന്നിങ്ങനെ അഞ്ച് നിറങ്ങളിലായി പരസ്പരം ബന്ധിപ്പിച്ച അഞ്ച് വളയങ്ങള്‍. നിരവധി പ്രത്യേകതകളുള്ള ഈ ചിഹ്നം 1912 ല്‍ ബാരണ്‍ പിയറി ഡി കൂബര്‍ട്ടിന്‍ ആണ് രൂപകല്‍പ്പന ചെയ്തത്.
ചിഹ്നത്തിലെ അഞ്ച് നിറങ്ങളും അഞ്ച് ഭൂഖണ്ഡങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. നീല യൂറോപ്പിനെയും, മഞ്ഞ ഏഷ്യയെയും, കറുപ്പ് ആഫ്രിക്കയെയും, പച്ച ഓസ്ട്രേലിയയെയും, ചുവപ്പ് അമേരിക്കയെയും സൂചിപ്പിക്കുന്നു.
1920ലെ ആന്റവെര്‍പ്പില്‍ നടന്ന വേനല്‍കാല ഒളിമ്പിക്സ് മുതലാണ് ഈ ചിഹ്നം നിലവില്‍ വന്നത്. അഞ്ച് വര്‍ണങ്ങള്‍ നിറഞ്ഞ വളയങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുളള ഒത്തൊരുമയും സ്നേഹവും ഉയര്‍ത്തുന്നതിനൊപ്പം ലോകം ഒരു കുടക്കീഴിലാണെന്ന സന്ദേശവും നല്‍കുന്നു.
ഒരു നൂറ്റാണ്ടിന് ശേഷം പാരിസിലേക്ക് ഒളിംപിക്സ് എത്തുമ്പോള്‍ നിരവധി കാര്യങ്ങളാണ് കായിക പ്രേമികള്‍ക്കായി പാരീസ് ഒരുക്കി വച്ചിരിക്കുന്നത്. പാരീസ് ഒളിംപിക്സിന്റെ പരമ്പരാഗത ചിഹ്നമാണ് ഫ്രീജസ്. ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രതീകമായ പരമ്പരാഗത ഫ്രിജിയന്‍ തൊപ്പികളുടെ മാതൃകയിലുള്ള ചെറിയ രൂപങ്ങള്‍.
പേര്‍ഷ്യന്‍, ബാള്‍ക്കന്‍ രാജ്യങ്ങള്‍, തുര്‍ക്കി എന്നിവിടങ്ങളിലുള്ളവര്‍ ധരിക്കുന്ന തൊപ്പിയോട് സാമ്യമുള്ളതാണ് ഈ ഫ്രിജിയന്‍ തൊപ്പി. ഫ്രാന്‍സിന്റെ പതാകയിലെ നീല, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലാണ് ഫ്രിജസ് അലങ്കരിച്ചിരിക്കുന്നത്.
അതിന്റെ നെഞ്ചിലായി സ്വര്‍ണ പാരീസ് 2024 ലോഗോയും പതിച്ചിട്ടുണ്ട്. ത്രികോണാകൃതിയില്‍ ത്രിവര്‍ണ്ണ റിബണും വലിയ ബഹുവര്‍ണ ചെരുപ്പുകളും അണിഞ്ഞ് പുഞ്ചിരിക്കുന്ന മുഖത്തോടെ നില്‍ക്കുന്ന തരത്തിലുള്ളവയാണ് ഇത്. സ്വാതന്ത്ര്യത്തിന്റെ പ്രതീകമായാണ് ഫ്രിജിയന്‍ തൊപ്പി ഒളിംപിക്സ് ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.