പരിശീലക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഗംഭീര മാറ്റങ്ങള്‍ക്കൊരുങ്ങി ഗൗതം ഗംഭീര്‍. സൂര്യകുമാര്‍ യാദവിനെ ടി-ട്വന്റി ടീമിന്റെ ക്യാപ്റ്റനാക്കാന്‍ സാധ്യത. മാറ്റങ്ങള്‍ സംബന്ധിച്ച് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമായി ഗംഭീര്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
രാഹുല്‍ ദ്രാവിഡിന് കീഴില്‍ ടി-ട്വന്റി ലോകകപ്പും സിംബാബ്‌വെയ്ക്ക് എതിരായ ടി-ട്വന്റി പരമ്പരയും സ്വന്തമാക്കി തിളങ്ങി നില്‍ക്കുകയാണ് ടീം ഇന്ത്യ. ചുരുക്കിപ്പറഞ്ഞാല്‍ ബുദ്ധിമുട്ടി നില്‍ക്കുന്ന ഇന്ത്യന്‍ ടീമിനെയല്ല, എല്ലാം നേടിനില്‍ക്കുന്ന കരുത്തരായ നീലപ്പടയെയാണ് ഗൗതം ഗംഭീര്‍ പരിശീലിപ്പിക്കാനൊരുങ്ങുന്നത്.
അതുകൊണ്ട് തന്നെ ചുമതലഭാരം അല്‍പം കൂടുതലാണ്. ശ്രീലങ്കയ്‌ക്കെതിരായ ടി-ട്വന്റി, ഏകദിന പരമ്പരയാണ് പുതിയ പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിന്റെ മുന്നിലുള്ള പ്രധാന ദൗത്യം. ഈ പരമ്പരയോടുകൂടി ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ഗംഭീര്‍ എന്നാണ് റിപ്പോര്‍ട്ട്.
ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ യുവതാരം സൂര്യകുമാര്‍ യാദവിനെ ടി-ട്വന്റി ടീമിന്റെ ക്യാപ്റ്റനാക്കിയേക്കുമെന്നാണ് സൂചന. ഇക്കാര്യം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമായും വൈസ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമായും സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ ടി-ട്വന്റി പരമ്പരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെ ഇന്ത്യയെ നയിക്കും.
ഇതിനു ശേഷം 2026 ലോകകപ്പ് വരെ ക്യാപ്റ്റന്റെ ചുമതല സൂര്യകുമാറിനെ ഏല്‍പ്പിച്ചേക്കുമെന്നാണ് സൂചന. മലയാളി താരം സഞ്ജു സാംസണെ സെലക്ടര്‍മാര്‍ തഴഞ്ഞ ഘട്ടത്തിലെല്ലാം വിമര്‍ശനവുമായി രംഗത്തെത്തിയ ആളാണ് ഗംഭീര്‍.അതേ ഗംഭീര്‍ പരിശീലകസ്ഥാനത്തെത്തുമ്പോള്‍ സഞ്ജുവിനും മികച്ച പരിഗണന ലഭിച്ചേക്കും.
2007ലെ ഇന്ത്യയുടെ ടി-ട്വന്റി ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന കിരീടനേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ച ഗംഭീറിന് പരിശീലക വേഷത്തില്‍ തിളങ്ങാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.