ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍. ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടും. പഞ്ചാബിനെതിരെ തകര്‍പ്പന്‍ ജയം നേടിയ മുംബൈ ജയം നേടി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്. അതേസമയം ചെന്നൈയുടെ അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. സീസണില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഏഴ് വിക്കറ്റിന് ചെന്നൈയാണ് വിജയിച്ചത്.
പട്ടികയില്‍ ചെന്നൈ മൂന്നാംസ്ഥാനത്തും മുംബൈ ആറാമതുമാണുള്ളത്. വൈകിട്ട് 3.30ന് ചെന്നൈയുടെ തട്ടകമായ ചിദംബര സ്റ്റേഡിയത്തിലാണ് മത്സരം. അതേസമയം ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഡല്‍ഹി ക്യാപിറ്റല്‍സാണ് എതിരാളികള്‍. അവസാന മത്സരത്തിലെ ജയം തുടരുകയാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇരുവര്‍ക്കും മത്സരം നിര്‍ണായകം. പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് ഡല്‍ഹി. ബാംഗ്ലൂര്‍ അഞ്ചാമതും. വൈകിട്ട് 7.30ന് ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.