ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ലഖ്നൗ സൂപ്പര്‍ ജയിന്‍സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ഡല്‍ഹിയിലാണ് മത്സരം. പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ ഇരുടീമുകള്‍ക്കും ജയം അനിവാര്യമാണ്.
സ്വന്തം തട്ടകത്തില്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഋഷഭ് പന്തും സംഘവും ലഖ്‌നൗവിനെതിരെ ഇറങ്ങുക. കഴിഞ്ഞ മത്സരത്തിലെ തോല്‍വി ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് വലിയ മങ്ങലാണേല്‍പ്പിച്ചത്. പന്തിന്റെ അഭാവത്തില്‍ ബംഗളുരുവിനെതിരെയിറങ്ങിയപ്പോള്‍ മികച്ച താരങ്ങളുണ്ടായിട്ടും ടീം പരാജയപ്പെട്ടിരുന്നു.
ബാറ്റിങ്ങില്‍ നായകന്‍ ഋഷഭ് പന്തിനൊപ്പം ഡേവിഡ് വാര്‍ണറും, ജാക്ക് ഫ്രേസറും, അഭിഷേക് പോറലും, ഷായ് ഹോപ്പുമാണ് പ്രതീക്ഷ. അക്‌സര്‍ പട്ടേല്‍ ഓള്‍ റൗണ്ടര്‍ നിരയില്‍ കരുത്തുകാട്ടും. മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കുല്‍ദീപ് യാദവ്, എന്നിവരാണ് ബൗളിങ്ങ് നിരയിലുള്ളത്.
ഇതുവരെ 13 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ആറ് മത്സരങ്ങളില്‍ മാത്രമാണ് ഡല്‍ഹിക്ക് ജയിക്കാനായത്. പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാനുറച്ചാണ് കെഎല്‍ രാഹുലിന്റെ നേതൃത്വത്തിലുള്ള ലഖ്‌നൗ ഇറങ്ങുക. തുടര്‍ച്ചയായ തോല്‍വികളില്‍ വലയുമ്പോഴും ഫോമിലേക്ക് തിരിച്ചെത്താമെന്നാണ് ടീമിന്റെ പ്രതീക്ഷ.
രാഹുലിനൊപ്പം കൈല്‍ മെയേഴ്‌സ്, മാര്‍ക്കസ് സ്റ്റോണിസ്, നിക്കോളാസ് പൂരന്‍, തുടങ്ങിയ താരങ്ങളാണ് ബാറ്റിങ്ങില്‍ കരുത്ത്. മായങ്ക് യാദവ്, രവി ബിഷ്ണോയ്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ബൗളിങ്ങിലും പ്രതീക്ഷ നല്‍കുന്നു.
പന്ത്രണ്ട് മത്സരങ്ങളില്‍ നിന്ന് ആറുജയം മാത്രമാണ് ടീമിന്റെ സമ്പാദ്യം. ഇതുവരെ നാല് മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ലഖ്‌നൗ മൂന്നും, ഡല്‍ഹി ഒരു മത്സരവും ജയിച്ചിട്ടുണ്ട്.