മുംബൈ: ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ചു. രാഹുല്‍ ദ്രാവിഡിന് പിന്‍ഗാമിയായാണ് നിയമനം. ഇന്ത്യയ്ക്കായി 58 െടസ്റ്റും 147 ഏകദിനങ്ങളും 37 ട്വന്റി 20യും കളിച്ചു. 2011ല്‍ ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമംഗമായിരുന്നു. ഐപിഎലില്‍ കൊല്‍ക്കത്തയെ കഴിഞ്ഞ സീസണില്‍ കിരീടത്തിലേക്ക് നയിച്ചു. ഇന്ത്യൻ പ്രീമിയര്‍ ലീഗ് ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റർ സ്ഥാനം രാജി വച്ചാണ് ഗംഭീർ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ എക്സ് പ്ലാറ്റ്ഫോമിലാണ് ഗൗതം ഗംഭീർ ടീമിനൊപ്പം ചേരുന്ന വിവരം പ്രഖ്യാപിച്ചത്.
ശ്രീലങ്കൻ പര്യടനത്തിൽ ഗംഭീർ ടീമിനെ പരിശീലിപ്പിക്കും. ആധുനിക ക്രിക്കറ്റിലെ അതിവേഗത്തിലുള്ള മാറ്റം അടുത്തറിഞ്ഞ ആളാണ് ഗംഭീറെന്ന് ജയ് ഷാ പ്രതികരിച്ചു. ‘‘ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഞാൻ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണ്. ആധുനിക ക്രിക്കറ്റ് അതിവേഗത്തിലാണു മാറിക്കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങൾ അടുത്തറിഞ്ഞ ആളാണ് ഗംഭീർ. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുകൊണ്ടുപോകാൻ ഗൗതം ഗംഭീറിനു സാധിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.’’42 വയസ്സുകാരനായ ഗംഭീർ ആദ്യമായാണ് ഒരു ടീമിന്റെ പരിശീലകനാകുന്നത്. 2003 ഏപ്രിൽ 11ന് ബംഗ്ലദേശിനെതിരെ ഏകദിന മത്സരം കളിച്ചാണ് ഗംഭീർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. 2016ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ കളിച്ച് കരിയർ അവസാനിപ്പിച്ചു. ഇന്ത്യ 2011 ലെ ഏകദിന ലോകകപ്പും 2007 ലെ ട്വന്റി20 ലോകകപ്പും നേടിയപ്പോൾ ഫൈനലിൽ നിർണായകമായത് ഗംഭീറിന്റെ പ്രകടനമായിരുന്നു. 2007ൽ പാക്കിസ്ഥാനെതിരായ ട്വന്റി20 ലോകകപ്പ് ഫൈനലിൽ 54 പന്തുകള്‍ നേരിട്ട ഗംഭീർ 75 റൺസെടുത്തിരുന്നു. ശ്രീലങ്കയ്ക്കെതിരായ 2011 ഏകദിന ലോകകപ്പ് ഫൈനലിൽ 122 പന്തിൽ 97 റൺസും നേടി.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ഡെയർ ഡെവിൾസ് ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിയുടെ താരമായിരുന്നു. ഇന്ത്യയ്ക്കായി 58 ടെസ്റ്റുകളും 147 ഏകദിന മത്സരങ്ങളും 37 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2019ൽ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2019ൽ ഈസ്റ്റ് ഡൽഹിയിൽനിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച് ലോക്സഭാംഗമായി. ഈ വർഷം മാർച്ചില്‍ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നു ഗംഭീർ പ്രഖ്യാപിച്ചിരുന്നു.