Share this Article
Flipkart ads
വിജയവഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്
football

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കേരളം ചെന്നൈയെ തോല്‍പിച്ചത്.

അവസാന മൂന്നു മത്സരങ്ങളിലും ഒന്നിനു പിറകെ ഒന്നായി തോല്‍വിയറിഞ്ഞ ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ഹോം ഗ്രൗണ്ടില്‍ ചെന്നൈയെ നേരിടുന്നത്. പോയിന്റ് പട്ടികയില്‍ 10 ആം സ്ഥാനത്തുണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സിന് വിജയം അനിവാര്യമായിരുന്നു. ആദ്യ മിനിട്ടുകളില്‍ തന്നെ ചെന്നൈ കേരളത്തിന്റെ ഗോള്‍വലയ്ക്കടുത്തെത്തിയെങ്കിലും സച്ചിന്‍ സുരേഷിന്റെ പ്രതിരോധം കേരളത്തിന്റെ വല കാത്തു.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 56 ആം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യഗോള്‍ പിറന്നത്. എക്സട്രാ ടൈമില്‍ മൂന്നാമത്തെ ഗോളും നേടി. ഹെസൂസ് ഹിമെനെ , നോഹ സദൂയി, രാഹുല്‍ കെ.പി എന്നിവരാണ് കേരളത്തിനായി ഗോള്‍ നേടിയത്. നായകന്‍ അഡ്രിയാന്‍ ലൂണയുടെ ക്രോസിലൂടെ ഹെസൂസ് നേടിയത് സീസണിലെ ഏഴാമത്തെ ഗോള്‍.

70 ആം മിനിറ്റില്‍ ലൂണ നല്‍കിയ പാസിലൂടെ തന്നെ നോവ സദൂയി രണ്ടാമത്തെ ഗോളും നേടി. എക്‌സ്ട്രാ ടൈമില്‍ രാഹുല്‍ കെ.പിയുടെ സീസണിലെ ആദ്യഗോളിലൂടെ കേരളം മനോഹരമായി ഫിനിഷ് ചെയ്തു.  ഇതോടെ 9 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സിപ്പോള്‍. ഈ മാസം 28ന് എഫ്സി ഗോവയ്ക്കെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories