ബാര്‍ബഡോസ്: ടി20 ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനല്‍ ഉടന്‍. ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ച അതേ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ ടീമിലും മാറ്റങ്ങളില്ല.
ഐസിസി ടൂർണമെന്റ് ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ വരുന്നത് ആദ്യമായാണ്. 2014 ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ഫൈനലിന് റിസർവ് ഡേയുമുണ്ട്. മഴമൂലം ഇന്നു മത്സരം തുടങ്ങാൻ സാധിച്ചില്ലെങ്കിൽ ഫൈനൽ നാളത്തേക്കു മാറ്റും. ഇന്നു മത്സരം തുടങ്ങിയിട്ടും ഓവർ പൂർത്തിയാക്കാൻ സാധിക്കാതെ വന്നാൽ ഇന്നു നടന്നതിന്റെ തുടർച്ചയായാണ് നാളെ മത്സരം നടക്കുക. റിസർവ് ഡേയിലും മത്സരം നടന്നില്ലെങ്കിൽ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
അപരാജിതരായി ഫൈനലിലേക്ക് കുതിച്ചെത്തിയവരാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. അതിനാല്‍ തന്നെ ഫൈനല്‍ തീപ്പാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്.
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ– ക്വിന്റൻ ഡികോക്ക്, റീസ ഹെൻറിക്സ്, എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഹെൻറിച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർകോ ജാന്‍സൻ, കേശവ് മഹാരാജ്, കഗിസോ റബാദ, ആൻറിച് നോർട്യ, ടബരെയ്സ് ഷംസി.