മലയാളി ക്രിക്കറ്റ് താരം മിന്നു മണി വീണ്ടും മിന്നിത്തിളങ്ങി.ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്‍റി 20 മത്സരത്തില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. നാല് ഓവര്‍ ബോള്‍ ചെയ്ത മിന്നു 9 റണ്‍സ് മാത്രം വഴങ്ങി നിര്‍ണായകമായ രണ്ട് വിക്കറ്റുകളും നേടി. ഒരു മെയ്ഡന്‍ ഓവര്‍ അടക്കമായിരുന്നു മലയാളി താരത്തിന്‍റെ ഉജ്വല പ്രകടനം. ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 98 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് ടീം 87 റണ്‍സ് എടുത്ത് പുറത്തായി. ഇതോടെ 8 റണ്‍സിന് ഇന്ത്യ വിജയം സ്വന്തമാക്കി.തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയും ഇന്ത്യ നേടി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ വനിത ടീമിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 95 റണ്‍സ് നേടാനെ സാധിച്ചുള്ളു. 14 പന്തിൽ 19 റൺസെടുത്ത ഷെഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മൂന്ന് പന്തുകൾ നേരിട്ട മിന്നു മണി ഒരു ഫോറടക്കം അഞ്ചു റൺസെടുത്തു പുറത്താകാതെനിന്നു. 33 റൺസെടുത്തു നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെ രണ്ടു വിക്കറ്റുകൾ കൂടി നഷ്ടമായത് റണ്‍വേട്ടയില്‍ തിരിച്ചടിയായി.
ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. സ്മൃതി മന്ഥന (14 പന്തിൽ 19), യാസ്തിക ഭാട്യ (13 പന്തിൽ 11), ദീപ്തി ശർമ (14 പന്തിൽ 10), അമൻജ്യോത് കൗർ (17 പന്തിൽ 14) എന്നിവരാണ് ഇന്ത്യക്കായി റണ്‍സ് നേടി മറ്റ് താരങ്ങള്‍.