ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്താൻ . 43 റണ്‍സിനാണ് പാക് അണ്ടര്‍ 19 ടീമിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത ഓവറില്‍ 281 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഇന്ത്യയുടെ പോരാട്ടം 238 റണ്‍സില്‍ അവസാനിച്ചു.
അർദ്ധ സെഞ്ച്വറി നേടി പൊരുതി നിന്ന നിഖില്‍ കുമാര്‍, പത്താമനായി ക്രീസിലെത്തി വെടിക്കെട്ട് നടത്തിയ മുഹമ്മദ് ഇനാന്‍ എന്നിവരുടെ പോരാട്ടം മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.
നിഖില്‍ കുമാര്‍ 77 പന്തില്‍ 3 സിക്‌സും 6 ഫോറും സഹിതം 67 റണ്‍സെടുത്തു. ഇനാന്‍ 22 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും പറത്തി 30 റണ്‍സും കണ്ടെത്തി. 11ാം സ്ഥാനത്തിറങ്ങിയ യുധജിത് സിങും പൊരുതി. താരം പുറത്താകാതെ 13 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്നാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്.
പാകിസ്താനായി അലി റാസ 3 വിക്കറ്റുകള്‍ സ്വന്തമാക്കി. അബ്ദുല്‍ സുബ്ഹാന്‍, ഫഹം ഉള്‍ ഹഖ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. നവീദ് അഹമദ് ഖാന്‍, ഉസ്മാന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.