പാരിസ്: ഒളിമ്പിക്സിൽ അമ്പെയ്ത്തില്‍ വനിതാ-പുരുഷ ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടറില്‍; മികച്ച തുടക്കം.അമ്പെയ്ത്ത് മെഡലിലേക്ക് ഉന്നംവെക്കുന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. വനിതാ യോഗ്യതാ റൗണ്ടിൽ 1983 പോയന്‍റുമായി നാലാമത് ഫിനിഷ് ചെയ്തതോടെയാണ് ഇന്ത്യ നേരിട്ട് ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. 28ന് നടക്കുന്ന ക്വാർട്ടറിൽ, നെതർലൻഡ്സ്-ഫ്രാൻസ് മത്സര വിജയികളാകും ഇന്ത്യയുടെ എതിരാളികൾ.
ഭജൻ കൗർ, ദീപിക കുമാരി, അങ്കിത ഭക്ത് എന്നിവരടങ്ങിയ ടീമാണ് ക്വാർട്ടറിലെത്തിയത്. ഒളിമ്പിക്സ് റെക്കോഡ് തിരുത്തി 2046 പോയന്റ് നേടി ദക്ഷിണ കൊറിയ ഒന്നാമത് ഫിനിഷ് ചെയ്തു. ചൈന (1996), മെക്സിക്കോ (1986) ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. റാങ്കിങ് റൗണ്ടിലെ ആദ്യ നാലു സ്ഥാനക്കാർ നേരിട്ട് ക്വാർട്ടറിൽ കടക്കും. അഞ്ച് മുതൽ 12 വരെ സ്ഥാനങ്ങളിലെത്തുന്നവർ പ്രീക്വാർട്ടർ കളിക്കണം. ഇന്ത്യൻ താരങ്ങളിൽ അങ്കിത 666 പോയന്റുമായി 11ാം സ്ഥാനത്തെത്തി. സീസണിലെ മികച്ച പ്രകടനമാണിത്.