അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിൽ കിരീട നേട്ടത്തോടെ ചരിത്രം രചിക്കാൻ ഉറച്ച് ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ. അൽ ഹിലാൽ ആണ് അൽ നസറിന്റെ ഫൈനൽ എതിരാളി. രാത്രി 8.30 നാണ് കിരീടപ്പോരാട്ടം.
വാശിയേറിയ മത്സരത്തിൽ അൽഷോട്ടയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചാണ് അൽ നസർ ഫൈനലിലെത്തിയത്. പെനാൽട്ടി കിക്കിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വകയായിരുന്നു വിജയ ഗോൾ.
4 മത്സരത്തിൽ നിന്നും നാലു ഗോളുകളുമായി ടൂർണമെന്റിൽ ടോപ് സ്കോറർ ആണ് റോണാ . 78-വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അൽ നസർ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൻ്റെ ഫൈനലിൽ കടക്കുന്നത്. അൽ ഷബാബിനെ 3-1ന് തകർത്ത അൽ ഹിലാലാണ് കിങ് ഫഹദ് സ്റ്റേഡിയത്തിലെ ഫൈനൽ മത്സരത്തിൽ ക്രിസ്‌റ്റ്യാനോയുടെ അൽ നസറിന്റെ എതിരാളി.
സാദിയോ മാനേയാണ് മുന്നേറ്റത്തിൽ റോണോയുടെ പങ്കാളി. ലൂയിസ് കാസ്ട്രോയുടെ പരിശീലനത്തിൻ കീഴിൽ ടീം ഒറ്റക്കെട്ടാണ്. നിലവിലെ ചാമ്പ്യന്മാരായ മൊറോക്കൻ ക്ലബ്ബ് രാജാ സി.എ യെ ക്വാർട്ടറിൽ കെട്ടുകെട്ടിച്ച അൽ നസറിന് കിരീടമില്ലാതെ മടക്കമില്ല. അതേസമയം അൽ ഹിലാലും കിരീട പ്രതീക്ഷയിലാണ്. മാൽക്കം , അൽദോസരി , കൌളിബാലി എന്നിവരാണ് അൽ ഹിലാലിന്റെ പ്രധാന താരങ്ങൾ. ടൂർണമെന്റിൽ 2 വട്ടം ജേതാക്കളാണ് അൽ ഹിലാൽ. ഏതായാലും ഇഞ്ചോടിഞ്ച് പോരിനാണ് സൗദിയിലെ കിങ് ഫഹദ് സ്റ്റേഡിയം വേദിയാവുക.