ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തോൽവി. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇന്ത്യ കിരീടം അടിയറ വച്ചു. ഓസ്‌ട്രേലിയ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍. ഓസ്‌ട്രേലിയ മുന്നില്‍ വച്ച 444 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം രണ്ടാം ഇന്നിങ്‌സില്‍ 234 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസ്‌ട്രേലിയ കിരീടം സ്വന്തമാക്കിയത്. 209 റണ്‍സിന്റെ മിന്നും ജയമാണ് അവര്‍ സ്വന്തമാക്കിയത്.
ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 469ന് പുറത്തായപ്പോള്‍ ഇന്ത്യയുടെ പോരാട്ടം 296 റണ്‍സില്‍ അവസാനിച്ചു. ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെടുത്തു ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ലോക കിരീടം നേടുന്ന ആദ്യ ടീമായി ഓസ്‌ട്രേലിയ മാറി. നേരത്തെ ഏകദിന, ടി20 ലോക കിരീടങ്ങള്‍ അവര്‍ക്ക് സ്വന്തമായിരുന്നു.
അഞ്ചാം ദിനത്തില്‍ വിരാട് കോഹ്‌ലി- അജിന്‍ക്യ രഹാനെ സഖ്യം ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല. സ്‌കോട്ട് ബോളണ്ടിന്റെ ഇട്ട പ്രഹരത്തില്‍ ഇന്ത്യ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലായി.
അഞ്ചാം ദിനത്തില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ വിരാട് കോഹ്‌ലിയേയും തൊട്ടു പിന്നാലെ രവീന്ദ്ര ജഡേജയേയും നഷ്ടമായി. കോഹ്‌ലി 49 റണ്‍സുമായി മടങ്ങി. സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് അദ്ദേഹത്തെ ഉജ്ജ്വല ക്യാച്ചില്‍ പുറത്താക്കി. തൊട്ടു പിന്നാലെ എത്തിയ രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ വീണു. താരം വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കി മടങ്ങി.
പിന്നീട് ശ്രീകര്‍ ഭാരതിനെ കൂട്ടുപിടിച്ച് രഹാനെ പോരാട്ടം നയിച്ചു. ഈ സഖ്യം നിലയുറപ്പിക്കുമെന്ന പ്രതീക്ഷ ജനിപ്പിച്ചു. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആ പ്രതീക്ഷകളെ തല്ലിക്കെടുത്തി. രഹാനെയെ സ്റ്റാര്‍ക്ക് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കൈകളില്‍ എത്തിച്ചു. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ രക്ഷകനായ രഹാനെയുടെ മടക്കം ടെസ്റ്റിന്റെ വിധി ഏറെക്കുറെ നിര്‍ണയിക്കപ്പെടുന്ന ഘട്ടത്തിലേക്ക് കടന്നു. തൊട്ടു പിന്നാലെ നതാന്‍ ലിയോണ്‍ ശാര്‍ദുല്‍ ഠാക്കൂറിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ഇന്ത്യയെ കടുത്ത പ്രതിരോധത്തിലേക്ക് വീഴ്ത്തി.
108 പന്തുകള്‍ ചെറുത്ത് 46 റണ്‍സാണ് രഹാനെ കണ്ടെത്തിയത്. താരം ഏഴ് ഫോറുകളും അടിച്ചു. ഉമേഷ് യാദവും ക്ഷണത്തില്‍ മടങ്ങി. താരം ഒരു റണ്‍സാണ് കണ്ടെത്തിയത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കിയാണ് ഉമേഷ് പുറത്തായത്. അല്‍പ്പ നേരം പിടിച്ചു നിന്ന ശ്രീകര്‍ ഭരത് കൂടുതല്‍ പ്രതിരോധത്തിന് നില്‍ക്കാതെ മടങ്ങി. താരം 41 പന്തില്‍ 23 റണ്‍സെടുത്തു. നതാന്‍ ലിയോണ്‍ സ്വന്തം പന്തില്‍ ഭരതിനെ ക്യാച്ചെടുത്തു മടക്കുകയായിരുന്നു. ഒടുവില്‍ മുഹമ്മദ് സിറാജിനെ വീഴ്ത്തി ലിയോണ്‍ ഇന്ത്യയുടെ പതനം പൂര്‍ത്തിയാക്കി.
ഓസീസിനായി നതാന്‍ ലിയോണ്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി അഞ്ചാം ദിനം ഇന്ത്യയുടെ നട്ടെല്ലൊടിച്ചു. സ്‌കോട്ട് ബോളണ്ട് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റുകളും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും നേടി.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിനെയാണ് ആദ്യം നഷ്ടമായത്. താരം 18 റണ്‍സുമായി പുറത്തായി. ബോളണ്ടിനാണ് വിക്കറ്റ്. കാമറോണ്‍ ഗ്രീനിന് ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങിയത്.പിന്നീട് രോഹിതിന് കൂട്ടായി ചേതേശ്വര്‍ പൂജാര വന്നു. ഇരുവരും ചേര്‍ന്നു കളി ഇന്ത്യക്ക് അനുകൂലമാക്കി കൊണ്ടു വന്നു. എന്നാല്‍ സ്‌കോര്‍ 92ല്‍ നില്‍ക്കെ രോഹിത് പുറത്തായി. 43 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. തൊട്ടുപിന്നാലെ പൂജാരയും മടങ്ങി. താരം 27 റണ്‍സാണ് കണ്ടെത്തിയത്. കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി രോഹിത് ഗില്‍ സഖ്യം അതിവേഗ തുടക്കമാണ് നല്‍കിയത്. ഇരുവരും 7.1 ഓവറിലാണ് 41 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തത്.
രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 66 റണ്‍സെടുത്തു പുറത്താകാതെ നിന്ന അലക്‌സ് കാരിയാണ് ടോപ് സ്‌കോറര്‍. അലക്‌സ് കാരിയും വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്ന് ഓസീസ് ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. സ്റ്റാര്‍ക്ക് 41 റണ്‍സുമായി മടങ്ങി. പാറ്റ് കമ്മിന്‍സ് അഞ്ച് റണ്‍സില്‍ പുറത്തായി. പിന്നാലെ ഓസീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നും ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു. നാലാം ദിനത്തില്‍ തുടക്കത്തില്‍ തന്നെ ലബുഷെയ്‌നിനെ ഓസീസിന് നഷ്ടമായി. താരം 41 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നാലെ വന്ന കാമറോണ്‍ ഗ്രീന്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം ആയുസുണ്ടായില്ല. താരം 25 റണ്‍സുമായി പുറത്ത്. നാലാം ദിനത്തില്‍ ഈ രണ്ട് വിക്കറ്റുകളാണ് ആദ്യ സെഷനില്‍ ഓസ്‌ട്രേലിയക്ക് നഷ്ടമായത്.
രണ്ടാം ഇന്നിങ്‌സില്‍ തകര്‍ച്ചയോടെയായിരുന്നു ഓസ്‌ട്രേലിയ തുടങ്ങിയത്. ഒരു റണ്ണുമായി വാര്‍ണറും 13 റണ്‍സുമായി ഉസ്മാന്‍ ഖവാജയും മടങ്ങി. ഉമേഷ് യാദവും മുഹമ്മദ് ഷമിയുമാണ് വിക്കറ്റുകള്‍ നേടിയത്.
പിന്നീട് സ്റ്റീവ് സ്മിത്തും മര്‍നെസ് ലബ്‌ഷെയ്‌നും ചേര്‍ന്ന് ഓസീസിന് മുന്നോട്ടു കൊണ്ടു പോയി. എന്നാല്‍ സ്‌കോര്‍ 86ല്‍ നില്‍ക്കെ സ്മിത്തിനെ മടക്കി ജഡേജ ഇന്ത്യയെ വീണ്ടും കളിയിലേക്ക് മടക്കി എത്തിച്ചു. 34 റണ്‍സാണ് ഒന്നാം ഇന്നിങ്‌സിലെ സെഞ്ച്വറിക്കാരന്റെ സമ്പാദ്യം. സ്‌കോര്‍ 100 കടന്നതിനു പിന്നാലെ ഒന്നാം ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍ ട്രാവിസ് ഹെഡ്ഡും മടങ്ങി.