ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. ജയത്തോടെ അവസാന നാലില്‍ സ്ഥാനം ഉറപ്പിക്കുകയാവും മുംബൈ ലക്ഷ്യമിടുന്നത്. ആര്‍സിബിക്കെതിരായ ആദ്യമത്സരത്തിലെ പരാജയത്തിന്റെ കണക്ക് തീര്‍ത്താണ് മുംബൈ ഇന്ന് സ്വന്തം തട്ടകത്തിലിറങ്ങുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ വീണ്ടും നിരാശപ്പെടുത്തിയെങ്കിലും മറ്റു ബാറ്റര്‍മാര്‍ തിളങ്ങിയത് മുംബൈക്ക് ആശ്വാസമാണ്.
ആദ്യ ഘട്ടത്തില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച സൂര്യകുമാര്‍ യാദവ് ഇപ്പോള്‍ മിന്നും ഫോമില്‍. തിലക് വര്‍മക്കു പകരം ടീമിലെത്തിയ നെഹാല്‍ വധേരയുടെ തകര്‍പ്പന്‍ ഇന്നിംഗ്സും ടീമിന് പ്രതീക്ഷയാണ്. ബൗളിംഗ് നിരയിലും കാര്യമായ ആശങ്കകളില്ല. മറുവശത്ത് സീസണില്‍ മികച്ച ഫോമിലാണ് ഗുജറാത്ത് ടൈറ്റന്‍സ്.
പതിനൊന്ന് മത്സരങ്ങളില്‍ എട്ടിലും ജയം. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ബാറ്റിംഗ് നിരയും ഷമിയുടെയും റാഷിദ് ഖാന്റെയും നേതൃത്വത്തിലുള്ള ബൗളിംഗ് നിരയും ശക്തം. ആദ്യപാദത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഗുജറാത്ത് 55 റണ്‍സിനാണ് മുംബൈയെ തകര്‍ത്തത്. വൈകിട്ട് 7.30ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.