36ന്റെ നിറവില്‍ അര്‍ജന്റൈന്‍ ഇതിഹാസ ഫുട്ബോളര്‍ ലയണല്‍ മെസി. താരത്തിന് ആശംസകളുമായി ഫുട്ബോള്‍ ലോകവും ആരാധകരും. ഫുട്ബോള്‍ കരിയറില്‍ സാധ്യമായ എല്ലാ പ്രധാന കിരീടങ്ങളിലും മുത്തമിട്ട മെസി തന്റെ മുപ്പത്തിയേഴാം വര്‍ഷത്തിലേക്കുള്ള യാത്ര തുടങ്ങുമ്പോള്‍ ആരാധകരും ആവേശത്തിലാണ്
മെസി എന്ന ഒരേയൊരു മിശിഹാ.. ഒരു ഒറ്റ പന്തുകൊണ്ട് കോടിക്കണക്കിന് വരുന്ന ആരാധകലക്ഷങ്ങളെ വാരികൂട്ടിയ മാന്ത്രികന് ഇന്ന് 36ാം പിറന്നാള്‍. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ലോകകപ്പിലും ജേതാവായതോടെ മെസിയുടെ കരിയറും പൂര്‍ണതയിലെത്തിക്കഴിഞ്ഞു. ഫുട്‌ബോള്‍ കരിയറില്‍ സാധ്യമായ എല്ലാ പ്രധാന കിരീടങ്ങളിലും മുത്തമിട്ട മെസി തന്റെ മുപ്പത്തിയേഴാം വര്‍ഷത്തിലേക്കുള്ള യാത്ര തുടങ്ങുമ്പോള്‍ ആരാധകരും ആവേശത്തിലാണ്.
പുരസ്‌കാരങ്ങള്‍ വാരികൂട്ടിയ മെസി മനസ്സില്‍ ഒന്നുറപ്പിച്ചാല്‍ അത് നേടുക തന്നെ ചെയ്യും. 7 തവണയാണ് ലയണല്‍ മെസി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള ഫുട്‌ബോളറും മെസി തന്നെ. 2012 ല്‍ 91 ഗോളുകള്‍ അടിച്ചു കൂട്ടിയാണ് മെസി ഈ റെക്കോര്‍ഡ് സ്ഥാപിച്ചത്.അര്‍ജന്റീന ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും ലയണല്‍ മെസി തന്നെ. 175 മത്സരങ്ങളില്‍ നിന്ന് 103 ഗോളുകളാണ് അദ്ദേഹം അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ അടിച്ചു കൂട്ടിയത്.
2022 ലെ ലോകകപ്പിലും കഴിഞ്ഞ കോപ്പ അമേരിക്കയിലും മെസി ദേശീയ ടീമിനൊപ്പം മുത്തമിട്ടു.ഒരു യൂറോപ്യന്‍ ക്ലബ്ബ് സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും മെസിക്ക് സ്വന്തം. മെസി ഇപ്പോള്‍ കിരീടമുള്ള രാജാവാണ്. യുഎസ് മേജര്‍ സോക്കര്‍ ലീഗ് ക്ലബ് ഇന്റര്‍ മയാമിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മെസി. ജൂലൈ 21നാണ് മത്സരം. മെസിയുടെ വരവു പ്രമാണിച്ച് മയാമിയുടെ ഹോം ഗ്രൗണ്ടായ ഡിആര്‍വി പിങ്ക് സ്റ്റേഡിയത്തില്‍ 3000 ഇരിപ്പിടങ്ങള്‍ കൂടി ക്രമീകരിക്കുകയാണ് ക്ലബ്. ഇതോടെ ഗാലറി ശേഷി 22,000 ആയി ഉയരും. ഇതെല്ലാം ഒരേയൊരു സിംഹ രാജാവിനു വേണ്ടി. മെസി എന്ന വികാരത്തിന് പിറന്തനാള്‍ വാഴ്ത്തുക്കള്‍..