ന്യൂജഴ്സി: റസ്ലിങ് സൂപ്പർതാരം ബ്രേ വയറ്റ് (36) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഡബ്യുഡബ്യുഇ ചാമ്പ്യൻഷിപ്പ്, ഡബ്യുഡബ്യുഇ യൂണിവേഴ്സൽ ചാമ്പ്യൻഷിപ്പ്, ഡബ്യുഡബ്യുഇ റോ ടാഗ് ടീം ചാമ്പ്യൻഷിപ്പ്, ടാഗ് ടീം എലിമിനേറ്റർ, ഡബ്യുഡബ്യുഇ ഇയർ എൻഡ് അവാർഡ് – മികച്ച പുരുഷ റസ്ലർ (2019) എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ഡബ്യുഡബ്യുഇ ചീഫ് കോണ്ടന്റ് ഓഫിസർ ട്രിപ്പിൾ എച്ചാണ് ബ്രേ വയറ്റിന്റെ മരണവാർത്ത ലോകത്തെ അറിയിച്ചത്. അമേരിക്കൻ റസ്ലിങ് താരം ബോബി ലാഷ്ലിയുമായുള്ള വഴക്കിനെ തുടർന്ന് റെസിൽമാനിയ 39 ൽ പങ്കെടുക്കാൻ ബ്രേ വയറ്റിന് കഴിഞ്ഞിരുന്നില്ല. അവസാനമായി ബ്രേ വയറ്റ് പങ്കെടുത്ത മത്സരം റോയൽ റംബിളിൽ എൽഎ നൈറ്റിനെതിരെയായിരുന്നു. അന്ന് വിജയിച്ച ബ്രേ വയറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് പിന്നീട് വിശ്രമത്തിലായിരുന്നു. മാസങ്ങളായി ഇടിക്കൂട്ടിൽ നിന്ന് വിട്ടുനിന്ന ബ്രേ വയറ്റ് തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അകാല വിയോഗം.