Share this Article
ടി20 ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം
India vs England in T20 World Cup second semi-final

ടി20 ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം. രാത്രി എട്ടുമണിക്ക് ഗയാനയിലാണ് മത്സരം. കഴിഞ്ഞ സീസണിലെ സെമിയില്‍ ഇംഗ്ലണ്ടിനോടേറ്റ പരാജയത്തിന് പകരം വീട്ടുക ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുക .

ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതായി സൂപ്പര്‍ എട്ടില്‍, സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയില്‍. കുട്ടിക്രിക്കറ്റിന്റെ ഈ സീസണില്‍ തോല്‍വിയറിയാതെയാണ്  ഇന്ത്യയുടെ കുതിപ്പ്. ഗ്രൂപ്പ് സ്റ്റേജില്‍ ബാറ്റിങ്ങില്‍ പതറിയപ്പോഴെല്ലാം ബൗളര്‍മാര്‍ കരുത്തുകാട്ടിയെങ്കില്‍ നിര്‍ണായക മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മ്മ തന്നെ മുന്നിട്ടിറങ്ങി.

ഓസീസ് ബൗളര്‍മാരെ വിറപ്പിച്ച രോഹിതിനൊപ്പം വിരാട് കോഹ്ലിയും, ഋഷഭ് പന്തും, സൂര്യകുമാര്‍ യാദവും ബാറ്റിങ്ങില്‍ കരുത്താകും. ഓള്‍റൗണ്ടര്‍ നിരയില്‍ ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും പ്രതീക്ഷയേകുന്നു. ബൗളിങ്ങില്‍ ജസ്പ്രീത് ബുംമ്ര തന്നെയാണ് കുന്തമുന.

അര്‍ഷ്ദീപ് സിംഗും കുല്‍ദീപ് യാദവും ചേരുമ്പോള്‍ ഇംഗ്ലണ്ടിന് എളുപ്പമാകില്ല. ജോസ് ബട്ട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ട് നിരയും മോശമല്ല. സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ മാത്രമാണ് ടീം വീണത്. ബട്‌ലറിനൊപ്പം, ഹാരി ബ്രൂക്ക്, ജോണി ബെയര്‍സ്‌റ്റോ, പില്‍ സാള്‍ട്ട് എന്നിവരാണ് ബാറ്റിങ്ങില്‍ കരുത്ത്. മധ്യനിരയില്‍ സാം കരണും ലിവിങ്‌സ്റ്റണും.

ജോഫ്ര ആര്‍ച്ചര്‍ നയിക്കുന്ന ബൗൡങ് നിരയില്‍ ക്രിസ് ജോര്‍ദാന്‍, മൊയീന്‍ അലി, സാം കരണും ചേരുമ്പോള്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കും. മഴഭീഷണിയുണ്ടെങ്കിലും സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ കരുത്തുകാട്ടാന്‍ ഇരുടീമും ഇറങ്ങുമ്പോള്‍ മത്സരാവേശം ഇരട്ടിയാകും. 

  
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories