ഇന്ത്യന്‍ പ്രീമയര്‍ ലീഗില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടം. രാത്രി ഏഴരയ്ക്ക് അഹമ്മദാബാദിലാണ് മത്സരം. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട ഗുജറാത്തിന് ജയം അനിവാര്യമാണ്.
ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ അനുകൂലമായ അഹമ്മദാബാദിലെ പിച്ചില്‍ ആശങ്കയൊന്നുമില്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്. കളിച്ച പതിനൊന്ന് മത്സരങ്ങളില്‍ ആറും ജയിച്ച ചെന്നൈയുടെ ബാറ്റിങ്ങ് നിരയില്‍ നായകന്‍ ഋതുരാജ് ഗെയ്ഗ്വാതിനൊപ്പം ഡാരില്‍ മിച്ചല്‍, ശിവം ദുബെ, എം.എസ് ധോണി, അജിന്‍ക്യ രഹാനെ എന്നിവരാണ് കരുത്ത്.
ഓള്‍ റൗണ്ടര്‍ നിര നയിക്കുന്നത് രവീന്ദ്ര ജഡേജ. ബൗളിങ്ങ് നിരയില്‍ സിമ്രജിത് സിംഗ്, ദീപക് ചാഹര്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍ എന്നിവര്‍ ടീമിന് പ്രതീക്ഷ നല്‍കുന്നു. അതേസമയം തുടര്‍ച്ചയായ തോല്‍വിയില്‍ വലയുന്ന ഗുജറാത്തിന് ജയം അനിവാര്യമാണ്.
പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് നാല് ജയം മാത്രമുളള ടീം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ബാറ്റിങ്ങില്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം സായ് സുദര്‍ശനും ഡേവിഡ് മില്ലറും വൃദ്ധിമാന്‍ സാഹയുമാണ് പ്രതീക്ഷ. മധ്യനിരയില്‍ രാഹുല്‍ തെവാട്ടിയയും അസ്മത്തുള്ള ഒമര്‍സായിയും കരുത്തേകും.
ബൗളിങ്ങില്‍ റാഷിദ് ഖാനും, സായി കിഷോറും, സന്ദീപ് വാരിയരും ചെന്നൈക്ക് ഭീഷണിയായേക്കും. സ്വന്തം തട്ടകത്തില്‍ വിജയവഴിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഗുജറാത്തുള്ളത്. ഇതുവരെ ആറുതവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ ചെന്നൈയും മൂന്ന് മത്സരങ്ങള്‍ ഗുജറാത്തും ജയിച്ചിട്ടുണ്ട്.