പാരിസ്: ഒളിംപിക്‌സിലെ പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ. ആദ്യശ്രമത്തിൽ തന്നെ 89.34 മീറ്റർ താണ്ടിയാണ് ഇന്ത്യയുടെ 'ഗോൾഡൻ ബോയ്' ഫൈനലിലെത്തിയത്. ഈ സീസണിൽ ചോപ്രയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
പാകിസ്താന്റെ നദീം അർഷദും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 86.59 മീറ്ററാണ് നദീം എറിഞ്ഞത്. ഇന്ത്യയുടെ മറ്റൊരു മത്സരാർത്ഥിയായ കിഷോർ ജെന ഫൈനൽ കാണാതെ പുറത്തായി. ഗ്രൂപ്പ് എയിൽ മത്സരിച്ച ജെന ഒമ്പതാമതായാണ് ഫിനിഷ് ചെയ്തത്. ആദ്യ ശ്രമത്തിൽ 80.73 മീറ്ററാണ് ജെന പിന്നിട്ടത്. രണ്ടാം ശ്രമത്തിൽ 80.21 മീറ്ററും. രണ്ട് ഗ്രൂപ്പുകളിൽനിന്നും ഏറ്റവും മികച്ച ദൂരം താണ്ടുന്ന 12 പേരാണ് ഫൈനലിലേക്ക് യോഗ്യത നേടുക.
2020ലെ ടോക്യോ ഒളിംപിക്‌സ് സ്വർണ മെഡൽ ജേതാവാണ് നീരജ്. മേയിൽ നടന്ന ദോഹ ഡയമണ്ട് ലീഗിൽ നേടിയ 88.36 മീറ്ററാണ് ഈ സീസണിൽ ഇന്ത്യൻ താരത്തിന്റെ മികച്ച പ്രകടനം.
ആഗസ്റ്റ് എട്ടിന് ഇന്ത്യൻ സമയം രാത്രി 11.55നാണ് ഫൈനൽ.