കോപ്പ അമേരിക്കയില്‍ ആരാധകരുടെ ഇഷ്ടതാരങ്ങളില്ലാതെ ടീം ബ്രസീല്‍. നെയ്മര്‍ ജൂനിയര്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളാണ് പരിക്കേറ്റതിനാല്‍ ബ്രസീല്‍ സംഘത്തില്‍ നിന്ന് പുറത്തായത്. അര്‍ജന്റൈന്‍ ടീമിലെ മധ്യനിരതാരം പൗലോ ഡിബാലയുടെ അസാന്നിധ്യവും ശ്രദ്ധേയമാണ്.
ലോകകപ്പിലായാലും കോപ്പ അമേരിക്കയിലായാലും ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ഇഷ്ടടീമുകളാണ് ബ്രസീലും അര്‍ജന്റീനയും. ഇരുടീമുകളും നേര്‍ക്കുനേര്‍ എത്തുമ്പോഴാകട്ടെ, ഭൂഗോളമാകെ ഒരു കാല്‍പന്തായി ചുരുങ്ങും. ഇക്കുറിയും കഥ വ്യത്യസ്തമല്ല.
ഒരു ഭാഗത്ത് യൂറോ കപ്പ് ആരവങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ആരാധകരുടെ കണ്ണ് അന്താരാഷ്ട്ര ഫുട്‌ബോളിലെ ഏറ്റവും പുരാതനമായ കോപ്പ അമേരിക്കയില്‍ തന്നെയാണ്. എന്നാല്‍ സൂപ്പര്‍ താരങ്ങളായ മെസിയും നെയ്മറും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുന്ന തീപാറും പോരാട്ടത്തിനായി കാത്തിരുന്ന ആരാധകര്‍ നിരാശയിലാണ്.
കാല്‍മുട്ടിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നെയ്മറില്ലാതെയാണ് ബ്രസീല്‍ സംഘം എത്തുന്നത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ പെലെയെയും പിന്തള്ളി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന താരമാണ് നെയ്മര്‍.
കളിച്ചതിലേറെ കാലം പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നിട്ടും അന്താരാഷ്ട്ര ഫുട്‌ബോളിലും ക്ലബ്ബ് ഫുട്‌ബോളിലും നെയ്മര്‍ കൈപ്പിടിയിലൊതുക്കിയ റെക്കോര്‍ഡുകള്‍ നിരവധിയാണ്. ലോക ഫുട്‌ബോളിലെ രാജകുമാരന്‍ എന്ന് ആരാധകര്‍ സ്‌നേഹവായ്‌പോടെ വിളിക്കുന്ന താരത്തിന്റെ അഭാവം ബ്രസീലിന്റെ കിരീടമോഹങ്ങള്‍ക്കും കനത്ത തിരിച്ചടിയാണ്.
മുന്നേറ്റതാരം റിച്ചര്‍ലിസണ്‍, മധ്യനിര താരങ്ങളായ കാസെമിറോ, ആന്റണി, പ്രതിരോധ നിരയിലെ വിശ്വസ്ഥനായ തിയാഗോ സില്‍വ എന്നിവരും ഇക്കുറി ബ്രസീല്‍ സംഘത്തില്‍ നിന്ന് പുറത്താണ്. ഇതും ടീമിന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം അര്‍ജന്റൈന്‍ മധ്യനിരതാരം പൗലോ ഡിബാല അപ്രതീക്ഷിതമായി ടീമില്‍ നിന്ന് പുറത്തായതിന്റെ ഞെട്ടലിലാണ് ആരാധകര്‍. സമീപ മത്സരങ്ങളിലെ മോശം പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്.
എങ്കിലും ടൂര്‍ണമെന്റ് ഫേവറിറ്റുകളായാണ് ടീം അര്‍ജന്റീന കോപ്പ പോരാട്ടത്തിനെത്തിയിരിക്കുന്നത്. സൂപ്പര്‍ താരങ്ങളില്ലെങ്കിലും പോരാട്ടത്തിന് വീറും വാശിയും ഒട്ടും കുറയില്ലെന്നാണ് ആരാധകരുടെ പക്ഷം.