ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിന മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് സഞ്ജു സാംസൺ. തന്റെ ഏകദിന കരിയറിലെ ആദ്യ സെഞ്ചുറി ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് നേടിയത്. 114 ബോളിൽ നിന്ന് 108 റൺസാണ് സഞ്ജു നേടിയത്.
മത്സരത്തിൽ ഇന്ത്യൻ നിരയിലെ മൂന്നാമനായാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്. ഇന്ത്യ 34ന് 1 എന്ന പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു സഞ്ജുവിന്റെ ക്രീസിലേക്കുള്ള എൻട്രി. പിന്നാലെ വളരെ സൂക്ഷ്മതയോടെയാണ് സഞ്ജു പന്തുകളെ നേരിട്ടത്. രണ്ടാം മത്സരത്തിൽ വരുത്തിയ പിഴവ് ആവർത്തിക്കാതിരിക്കാൻ സഞ്ജു പരമാവധി ശ്രമിച്ചു.
സായി സുദർശനൊപ്പം രണ്ടാം വിക്കറ്റിൽ ഒരു നല്ല കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ സഞ്ജു ശ്രമിച്ചു. എന്നാൽ സായി(10) ഇതിനിടെ പുറത്താവുകയുണ്ടായി. പിന്നാലെ രാഹുലുമൊത്ത് 52 റൺസിന്റെ കൂട്ടുകെട്ടാണ് സഞ്ജു ഇന്ത്യക്കായി കെട്ടിപ്പടുത്തത്. ഇത് ഇന്ത്യയ്ക്ക് വലിയ രീതിയിൽ ഗുണം ചെയ്തു.
മറ്റു ബാറ്റർമാർ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ പിച്ചിൽ സിംഗിളുകൾ നേടി സഞ്ജു പതിയെ സ്കോർ ചലിപ്പിക്കുകയായിരുന്നു. ഏകദിന ക്രിക്കറ്റിലെ തന്റെ നാലാം അർദ്ധ സെഞ്ച്വറി ഇതിനിടെ സ്വന്തമാക്കാൻ സഞ്ജു സാംസണ് സാധിച്ചു. മത്സരത്തിൽ 66 പന്തുകളിൽ നിന്നായിരുന്നു സഞ്ജു തന്റെ അർദ്ധ സെഞ്ച്വറി പൂർത്തീകരിച്ചത്. ശേഷവും ഇന്ത്യക്കായി സഞ്ജു വളരെ പതിയെയാണ് നീങ്ങിയത്. പീച്ചിന്റെ ദുർഘടാവസ്ഥ പൂർണമായും മനസ്സിലാക്കി ബാറ്റ് വീശാൻ സഞ്ജു സാംസന് സാധിച്ചു.
അവസാന ഓവറുകളിൽ തന്റെ സ്കോറിങ് റൈറ്റ് ഉയർത്തി ഇന്ത്യക്കായി മികച്ച ഒരു പ്ലാറ്റ്ഫോം തന്നെ സഞ്ജു സാംസൺ സെറ്റ് ചെയ്തു. ഇതോടെ സഞ്ജുവിന്റെ വ്യക്തിഗത സ്കോറും ഉയരുകയായിരുന്നു. മത്സരത്തിൽ 110 പന്തുകളിൽ നിന്നാണ് സഞ്ജു സാംസൺ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഏകദിന ക്രിക്കറ്റിലെ സഞ്ജുവിന്റെ ആദ്യ സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്.