Share this Article
image
കേരള ക്രിക്കറ്റ് ലീഗ് താരലേലം നടന്നു; എം.എസ് അഖില്‍ വിലയേറിയ താരം
വെബ് ടീം
posted on 10-08-2024
1 min read
cricket-league-star-auction-ms-akhil-became-the-most-expensive-player

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലം തിരുവനന്തപുരത്ത് നടന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ലേലത്തിൽ  ആറു ടീമുകളാണ്  പങ്കെടുത്തത്. എറണാകുളം സ്വദേശിയായ എം.എസ് അഖിലാണ് ലേലത്തിലെ ഏറ്റവും വില കൂടിയ താരം. 7.4 ലക്ഷം രൂപക്ക് ട്രിവാന്‍ഡ്രം റോയല്‍സാണ് അഖിലിനെ സ്വന്തമാക്കിയത്.

സൂപ്പർ ബാറ്ററായ വരുണ്‍ നയനാരിനെ 7.2 ലക്ഷം രൂപക്ക് തൃശ്ശൂര്‍ ടൈറ്റന്‍സ് സ്വന്തമാക്കി. യു. മനുകൃഷ്ണന്‍ 7 ലക്ഷം രൂപക്ക് കൊച്ചി ബ്ലു ടൈഗേഴ്സിലും സല്‍മാന്‍ നിസാര്‍ 7 ലക്ഷം രൂപക്ക് കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സ് ഇടംപിടിച്ചു. ഐപിഎല്‍ താരം കെ.എം ആസിഫിനെ 5.2 ലക്ഷം രൂപക്ക് ഏരീസ് കൊല്ലം സെയ്ലേഴ്സ് സ്വന്തമാക്കി.

50,000 രൂപ അടിസ്ഥാന പ്രതിഫലമുള്ള സി വിഭാഗത്തിലെ ഓള്‍ റൗണ്ടര്‍ എം. നിഖിലിനെ 4.6 ലക്ഷത്തിന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സ് സ്വന്തമാക്കിയത് ശ്രദ്ധേയമായി. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടന്ന താരലേലം ചാരു ശര്‍മാണ് നിയന്ത്രിച്ചത്.

താരലേലത്തില്‍ 168 കളിക്കാരെയാണ് ഫ്രാഞ്ചൈസികള്‍ക്കു മുന്നില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അണിനിരത്തിയത്. കളിക്കാരെ മൂന്ന് വിഭാഗങ്ങളാക്കിയായിരുന്നു ലേലം. ഐപിഎല്‍, രഞ്ജി ട്രോഫി എന്നിവയില്‍ കളിച്ചിട്ടുള്ളവരെ 'എ' വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. രണ്ടു ലക്ഷം രൂപയായിരുന്നു ഈ താരങ്ങളുടെ അടിസ്ഥാന വില.

സി.കെ.നായിഡു, അണ്ടര്‍ 23, അണ്ടര്‍ 19 സ്റ്റേറ്റ്, അണ്ടര്‍ 19 ചലഞ്ചേഴ്സ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ളവരെ ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഒരു ലക്ഷം രൂപയായിരുന്നു ഈ വിഭാഗത്തിന്റെ അടിസ്ഥാനവില. അണ്ടര്‍ 16 സ്റ്റേറ്റ്, യൂണിവേഴ്സിറ്റി കളിക്കാരും ക്ലബ് ക്രിക്കറ്റര്‍മാരുമായവരെ 'സി' വിഭാഗത്തിലും ഉള്‍പ്പെടുത്തി. 50,000 രൂപയായിരുന്നു ഈ വിഭാഗത്തിന്റെ അടിസ്ഥാനവില.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories