ഐപിഎല്ലില്‍ ഇന്ന് കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഹൈദരാബാദിന് ജയം അനിവാര്യമാണ്. ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് മത്സരം.
പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നിലവില്‍ 14 പോയിന്റാണുള്ളത്. അത്രയും തന്നെ പോയിന്റുമായി തൊട്ടുപിറകില്‍ ഡെല്‍ഹി ക്യാപിറ്റല്‍സുമുണ്ട്. 13 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ആറാം സ്ഥാനത്ത് ആര്‍സിബിയുമുണ്ട്.
എന്നാല്‍ ജയത്തോടെ ആദ്യനാലിലെ സ്ഥാനം ഭദ്രമാക്കാന്‍ തന്നെയാവും ഹൈദരാബാദ് ഇറങ്ങുക. അതേസമയം 11 പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന് ഇന്നത്തേത് അവസാന മത്സരമാണ്. പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇതിനോടകം അവസാനിച്ചുകഴിഞ്ഞു.
അതുകൊണ്ട് തന്നെ ജയത്തോടെ സീസണ്‍ അവസാനിപ്പിച്ച് മടങ്ങുകയെന്നത് മാത്രമാവും ഗുജറാത്തിന്റെ ലക്ഷ്യം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളാണ് നിലവില്‍ ആദ്യനാല് സ്ഥാനങ്ങളിലുള്ളത്. മെയ് 21 മുതല്‍ 24 വരെ മൂന്ന് ദിവസങ്ങളിലായാണ് പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കുക. മെയ് 26നാണ് ഫൈനല്‍ പോരാട്ടം അരങ്ങേറുക.