ഇന്ത്യന്‍ ഇതിഹാസ താരം വിരാട് കോഹ്‌ലി മുപ്പത്തിയഞ്ചാം പിറന്നാളിന്റെ നിറവില്‍. പിറന്നാള്‍ ദിനത്തില്‍ കിങ് കോഹ്ലിക്ക് ആശംസാ പ്രവാഹമാണ്.
ഇന്ന് ആരാധകരുടെ ആരവങ്ങള്‍ക്കും ക്രിക്കറ്റ് ലോകത്തിന്റെ ആശംസകള്‍ക്കും നടുവില്‍ കിങ് കോഹ്‌ലി ഇറങ്ങുകയാണ്. കൊല്‍ക്കത്തയുടെ മണ്ണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ. കരിയറില്‍ ആദ്യമായി പിറന്നാള്‍ ദിനത്തില്‍ മത്സരത്തിനിറങ്ങുകയാണ് പ്രിയ താരം.വിരാട് കോഹ്ലിയുടെ മുപ്പത്തിനാലാം പിറന്നാളാഘോഷം ഓസ്‌ട്രേലിയയിലായിരുന്നു.
ക്രിക്കറ്റ് മതവും സച്ചിന്‍ ദൈവവുമായിരുന്ന കാലഘട്ടത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ രാജകുമാരനായി വളര്‍ന്നത് മറ്റാരുമല്ല. ബാറ്റിംഗ് വിരുന്നൂട്ടിയും നായകനായി നിറഞ്ഞാടിയും കോലി ആരാധക പ്രതീക്ഷകള്‍ കാത്തു. ഇനി ഒരു കാത്തിരിപ്പ് കൂടിയുണ്ട്. സെഞ്ച്വറികളുടെ എണ്ണത്തില്‍ സച്ചിനൊപ്പം എത്തുക. ആ അന്‍പതിലേക്ക് ഇനി ഒരു സെഞ്ച്വറി ദൂരം മാത്രം.
പിറന്നാള്‍ ദിനത്തില്‍ അങ്ങനെയൊരു ഇരട്ടി മധുരം നുകര്‍ന്ന് ആഘോഷിക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.തന്റെ കരിയറിലുടനീളം ടീം ഇന്ത്യയെ കോഹ്ലി അവിശ്വസനീയമായ ഒരുപിടി വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്.2012ല്‍ കോഹ്ലി ശ്രീലങ്കയ്‌ക്കെതിരെ പുറത്താകാതെ 133 റണ്‍സ് നേടിയത് ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകില്ല.321 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്നതിനിടെ പുറത്താകാതെ 133 റണ്‍സാണ് കിങ് കോഹ്ലി അടിച്ചെടുത്തത്.16 ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു വിരാടിന്റെ വീരോചിത ഇന്നിങ്‌സ്.
2012ലെ ഏഷ്യാകപ്പില്‍ പാകിസ്താനെതിരെ ഏകദിനത്തില്‍ തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കോഹ്ലി രേഖപ്പെടുത്തി.148 പന്തില്‍ 22 ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 183 റണ്‍സാണ് കോഹ്ലി നേടിയത്.മത്സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് വിജയിച്ചു.288 ഏകദിനങ്ങളില്‍ 276 ഇന്നിങ്‌സുകളില്‍ നിന്നായി 13,525 റണ്‍സാണ് കോഹ്ലിയുടെ പേരിലുള്ളത്.
48 സെഞ്ച്വറികളും 70 അര്‍ധസെഞ്ച്വറികളും കോഹ്ലിയുടെ നേട്ടക്കണക്കില്‍ ഉള്‍പ്പെടുന്നു.ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്ററായ വിരാട് കോഹ്ലി പിറന്നാളാഘോഷിക്കുമ്പോള്‍ ആശംസകള്‍ നേരുകയാണ് ആരാധകലക്ഷങ്ങള്‍.