Share this Article
ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും ഇന്ത്യക്ക്; 4*400 പുരുഷ റിലേയില്‍ സ്വര്‍ണം
വെബ് ടീം
posted on 04-10-2023
1 min read
best asian games medal record

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും ഇന്ത്യക്ക്. ഇന്ത്യൻ താരം നീരജ് ചോപ്ര സ്വർണം നേടിയപ്പോൾ കിഷോർ കുമാർ‌ ജനയ്ക്കാണ് വെള്ളി. നീരജോ കിഷോറോ എന്ന രീതിയിൽ മാറിമറിഞ്ഞ മത്സരത്തിൽ ഒടുവിൽ നീരജ് ചോപ്ര സുവർണ ജേതാവായി. നാലാം അവസരത്തിൽ 88.88 മീറ്റർ‌ ദൂരം പിന്നിട്ടാണ് നീരജ് സ്വർണം നേടിയത്. 87.54 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് കിഷോർ കുമാർ‌ വെള്ളി സ്വന്തമാക്കിയത്. 

 4*400 പുരുഷ റിലേയില്‍ ഇന്ത്യക്ക്സ്വര്‍ണം.അനസ് മുഹമ്മദ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, രാജേഷ് രമേഷ് എന്നിവരടങ്ങിയ സംഘമാണ് റിലേയില്‍ സ്വര്‍ണം നേടിയത്.

വനിതകളുടെ 4*400 മീറ്റര്‍ റിലേയില്‍ ഇന്ത്യ വെള്ളി നേടി. വിദ്യ രാംരാജ്, ഐശ്വര്യ മിശ്ര, പ്രാച്ചി, ശുഭ വെങ്കടേശന്‍ എന്നിവരടങ്ങിയ സംഘമാണ് വെള്ളി നേടിയത്.പുരുഷന്മാരുടെ 5000 മീറ്ററില്‍ അവിനാശ് സാബ്ലെ വെള്ളി നേടി. 13:21.09 മിനിറ്റിലാണ് താരം മത്സരം പൂര്‍ത്തീകരിച്ചത്. താരത്തിന്റെ രണ്ടാം മെഡലാണിത്. നേരത്തേ സ്റ്റീപ്പിള്‍ ചേസില്‍ അവിനാശ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു.

വനിതകളുടെ 800 മീറ്ററില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മിലന്‍ ബെയ്ന്‍സ് വെള്ളി നേടി. പുരുഷ ഗുസ്തിയില്‍ ഇന്ത്യയുടെ സുനില്‍ കുമാര്‍ വെങ്കലം സ്വന്തമാക്കി.. 87 കിലോ ഗ്രെക്കോ റോമന്‍ വിഭാഗത്തിലാണ് സുനില്‍ വെങ്കലം നേടിയത്. കിര്‍ഗിസ്ഥാന്റെ അടബെക് അസീസ്‌ബെക്കോവിനെ കീഴടക്കിയാണ് താരം മൂന്നാം സ്ഥാനം നേടിയത്. സ്‌കോര്‍: 2-1

വനിതകളുടെ ബോക്‌സിങ് 75 കി.ഗ്രാം വിഭാഗത്തില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ വെള്ളി നേടി. ഫൈനലില്‍ ചൈനീസ് താരം ക്വിയാന്‍ ലിയോട് ലവ്‌ലിന പരാജയപ്പെടുകയായിരുന്നു. ഇതോടെ, 18 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവും ഉള്‍പ്പെടെ 81 മെഡലുകളായി ഇന്ത്യ നാലാംസ്ഥാനത്ത് തുടരുകയാണ്.

സ്‌ക്വാഷ് മിക്സഡ് ഡബിള്‍സില്‍ അഭയ് സിങ് - അനാഹത് സിങ് സഖ്യം ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു. സെമിയില്‍ മലേഷ്യയുടെ ഐഫ അസ്മാന്‍ ബിന്‍ടി - സയാഫിഖ് മുഹമ്മദ് കമാല്‍ സഖ്യത്തോടെ പരാജയപ്പെട്ടതോടെ (2-1) ഇന്ത്യന്‍ സഖ്യത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ബോക്സിങ്ങില്‍ വനിതകളുടെ 57 കി.ഗ്രാം വിഭാഗത്തില്‍ പര്‍വീണ്‍ ഹൂഡയ്ക്കും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സെമിയില്‍ ചൈനീസ് തായ്പേയ് താരം ടിങ് യു ലിന്നിനോട് പര്‍വീണ്‍ പരാജയപ്പെടുകയായിരുന്നു (5-0).

ഏഴു പതിറ്റാണ്ടിനിടെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ നേട്ടമാണിത്. 2018-ല്‍ ജക്കാര്‍ത്തയില്‍ സ്ഥാപിച്ച 70 മെഡലുകളെന്ന റെക്കോഡ് ഇന്ത്യ മറികടന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories