പി ആര്‍ ശ്രീജേഷ്, പരിചയപ്പെടുത്തലോ മുഖവുരവുരയോ ആവശ്യമില്ലാത്ത ഇന്ത്യന്‍ ഹോക്കിയുടെ കരുത്തുറ്റ കോട്ട കാവല്‍ക്കാരന്‍. പാരീസ് ഒളിംപിക്‌സില്‍ പ്രതീക്ഷകളുടെ ചിറകേറി ഇന്ത്യന്‍ ടീമെത്തുന്നത് ശ്രീജേഷിന്റെ അവസാന അങ്കത്തിനായാണ്.അവസാന അങ്കത്തിനായി ഇന്ത്യന്‍ ഹോക്കിയുടെ സൈന്യാധിപനും സംഘവും പാരീസിലെത്തുകയാണ്.
ടോക്യോ ഒളിംപിക്‌സിലെ വെങ്കലം സ്വര്‍ണ്ണമാക്കിയേ മതിയാവൂ ഇക്കുറി. ഏഷ്യാ കപ്പും ഒളിംപിക്‌സും അടക്കം അന്താരാഷ്ട്ര മത്സരങ്ങളിലെല്ലാം ഇന്ത്യന്‍ പ്രതിരോധം ചോരാതെ കാത്തത് ശ്രീജേഷ് എന്ന ഗോള്‍ കീപ്പറുകളുടെ കൈകളാണ്.
ഹോക്കി പോലൊരു കായിക ഇനത്തിന് യാതൊരു സാധ്യതകളുമില്ലാതിരുന്നിട്ടും, എറണാകുളത്തെ കിഴക്കമ്പലം എന്ന ഗ്രാമത്തില്‍ നിന്നാണ് ശ്രീജേഷ് രാജ്യാന്തര ഹോക്കിയുടെ നെറുകയിലെത്തിയതും കളിക്കളത്തില്‍ രണ്ട് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കുന്നതും. വീട്ടിലെ പശുവിനെ വിറ്റ് വാങ്ങിയ ഹോക്കി കിറ്റുമായി ആരംഭിച്ച യാത്ര, 2020 ല്‍ ടോക്യോ ഒളിംപിക്‌സിലെ വെങ്കലമെഡലില്‍ എത്തി നില്‍ക്കുന്നു.
എനിക്ക് ഇനി ചിരിക്കാം എന്നായിരുന്നു അന്നത്തെ മെഡല്‍ നേട്ടത്തിനു ശേഷം ശ്രീജേഷ് കുറിച്ചത്. ഒരിക്കലും തോല്‍ക്കാന്‍ മനസില്ലാത്ത ഒരു കളിക്കാരന്റെ, അയാളുടെ അശ്രാന്ത പരിശ്രമത്തിന്റെയെല്ലാം ലക്ഷ്യപ്രാപ്തിയുടെ ആദ്യ പടി ആയിരുന്നു അത്. ഇന്ത്യയുടെ 41 വര്‍ഷത്തെ കാത്തിരിപ്പിന്റെ വിരാമം കൂടിയായിരുന്നു ആ വെങ്കലമെഡല്‍.
2016 റിയോ ഒളിംപിക്‌സില്‍ ഇന്ത്യയെ ക്വാര്‍ട്ടറിലെത്തിച്ചതും പുരുഷ ഹോക്കി ചാമ്പ്യന്‍സ് ട്രോഫിയിലെ വെള്ളി നേട്ടവും ക്യാപ്റ്റനെന്ന റോളിലുള്ള ശ്രീജേഷിന്റെ മികവായിരുന്നു. 2014 ല്‍ ഏഷ്യന്‍ ഗെയിംസില്‍ പാകിസ്ഥാന്റെ പെനാല്‍റ്റി സ്‌ട്രോക്കുകള്‍ തട്ടിയകറ്റി ശ്രീജേഷ് ഇന്ത്യയ്ക്ക് നേടിക്കൊടുത്തത് സ്വര്‍ണമെഡലായിരുന്നു.
2013 ലും 14 ലും 18 ലും ചാമ്പ്യന്‍സ് ട്രോഫിയില്‍ ടൂര്‍ണമെന്റിന്റെ ഗോള്‍കീപ്പര്‍ ആയി തെരഞ്ഞടുക്കപ്പെട്ടു.നേട്ടങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നു. രണ്ടു പതിറ്റാണ്ടുകളായി ചോര്‍ന്നു പോവാത്ത കൈകളും പിളരാത്ത പ്രതിരോധവുമായി ഇന്ത്യന്‍ കോട്ട കാക്കുന്ന കാവല്‍ക്കാരന് ഇത് അവസാനയാത്രയാണ്. തന്റെ സ്വപ്‌നം പാരീസില്‍ പൂവണിയിക്കാന്‍.