ധാക്ക: ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ബംഗ്ലാദേശ് ഏകദിന ക്യാപ്റ്റന്‍ തമിം ഇഖ്ബാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പോരാട്ടത്തിലെ തോല്‍വിക്ക് പിന്നാലെയാണ് ക്യാപ്റ്റന്റെ അപ്രതീക്ഷിത പ്രഖ്യാപനം. മത്സരത്തില്‍ മഴയെ തുടര്‍ന്നു ഫലം പുനര്‍നിര്‍ണയിച്ചപ്പോള്‍ ജയം അഫ്ഗാനായിരുന്നു.
ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് വെറും മൂന്ന് മാസം മാത്രമുള്ളപ്പോഴാണ് തമീമിന്റെ ഞെട്ടിക്കുന്ന തീരുമാനം. അഫ്ഗാനെതിരായ തോൽവിക്ക് പിന്നാലെയാണ് തമിം തീരുമാനം പ്രഖ്യാപിച്ചത്. പത്രസമ്മേളനം വിളിച്ചായിരുന്നു വിരമിക്കൽ പ്രഖ്യാപനം.
ബംഗ്ലാദേശ് ക്രിക്കറ്റിലെ സമ്മോഹനമായൊരു യുഗത്തിനാണ് തമിം വിരമാമിടുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റിന്റെ മുഖമായി ലോക ക്രിക്കറ്റിൽ നിറഞ്ഞു നിന്ന താരമാണ് ഇപ്പോൾ പടിയിറങ്ങുന്നത്.
2007ല്‍ കൗമാര താരമായിരിക്കെയാണ് തമിം ബംഗ്ലാ ടീമില്‍ അരങ്ങേറിയത്. ഇന്ത്യക്കെതിരെ 2007 ഏകദിന ലോകകപ്പിലാണ് താരം അരങ്ങേറ്റ മത്സരം കളിച്ചത്. ഈ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി തമിം ഇന്ത്യക്കെതിരായ ചരിത്ര വിജയത്തില്‍ നിര്‍ണായ പങ്കു വഹിച്ചു അരങ്ങേറ്റം അവിസ്മരണീയമാക്കി.
ബംഗ്ലാദേശിനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളില്‍ ഒരാളാണ് ഓപ്പണര്‍ കൂടിയായ തമിം ഇഖ്ബാല്‍. 14 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 8313 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ടെസ്റ്റില്‍ 5000ത്തിനു മുകളിലാണ് റണ്‍സ്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു നേരത്തെ തന്നെ താരം വിരമിച്ചു. പത്ത് സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളും ടെസ്റ്റില്‍ നേടി. ടി20 ഫോര്‍മാറ്റില്‍ 1758 റണ്‍സ് നേടി. ഒരു സെഞ്ച്വറിയും ഏഴ് അര്‍ധ ശതകങ്ങളും ഇതിലുണ്ട്.
ലോകകപ്പിനു ഇനി പുതിയ ക്യാപ്റ്റനായിരിക്കും ബംഗ്ലാദേശിനെ നയിക്കുക. വെറ്റന്‍ താരവും മുന്‍ ക്യാപ്റ്റനുമായ ഷാകിബ് അല്‍ ഹസന്‍, ലിറ്റന്‍ ദാസ് എന്നിവരിലൊരാളായിരിക്കും അടുത്ത ഏകദിന നായകന്‍. കഴിഞ്ഞ വര്‍ഷം ഇതേസമയത്തു തന്നെയാണ് തമിം അന്താരാഷ്ട്ര ടി20യില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്.