Share this Article
image
36 വര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് വിജയം; ചിന്നസ്വാമിയിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലൻഡിന് ജയം
വെബ് ടീം
posted on 20-10-2024
1 min read
nz won first test

ബെംഗളൂരു: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയവുമായി ന്യൂസീലന്‍ഡ്. എട്ടു വിക്കറ്റിനാണ് ന്യൂസീലന്‍ഡിന്റെ ജയം.  രണ്ടാമിന്നിങ്സിൽ ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസീലന്‍ഡ് മറികടന്നു. 36 വര്‍ഷത്തിന് ശേഷമാണ് കിവീസ് ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് വിജയിക്കുന്നത്. ഇതിന് മുമ്പ് 1988 ലാണ് സ്വന്തം മണ്ണില്‍ ഇന്ത്യയെ ന്യൂസീലന്‍ഡ് പരാജയപ്പെടുത്തിയത്. സ്‌കോര്‍; ഇന്ത്യ-46,462 ന്യൂസിലന്‍ഡ്- 402, 110/൨

മത്സരം ആരംഭിച്ച് രണ്ടാം പന്തില്‍ തന്നെ ന്യൂസിലന്‍ഡിന് വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. ടോം ലാതത്തെ(0) ജസ്പ്രീത് ബുംറ എല്‍ബിഡബ്ല്യൂവില്‍ കുരുക്കുകയായിരുന്നു. പിന്നാലെ ഡേവോണ്‍ കോണ്‍വേയും വില്‍ യങുമാണ് സ്‌കോര്‍ ഉയര്‍ത്തിയത്. ടീം സ്‌കോര്‍ 35 ല്‍ നില്‍ക്കേ കോണ്‍വേയേയും പുറത്താക്കി ബുംറ വീണ്ടും പ്രതീക്ഷ നല്‍കി. ഇത്തവണയും എല്‍ബിഡബ്ല്യൂവിലൂടെ തന്നെയാണ് ബുംറ വിക്കറ്റ് വീഴ്ത്തിയത്. 17 റണ്‍സാണ് കോണ്‍വേയുടെ സമ്പാദ്യം.

എന്നാല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് നിരാശ സമ്മാനിച്ച് മൂന്നാം വിക്കറ്റില്‍ വില്‍ യങ്ങും രചിന്‍ രവീന്ദ്രയും മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യന്‍ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും പതിയെ സ്‌കോര്‍ ഉയര്‍ത്തി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഇന്ത്യക്ക് ഒരവസരവും ലഭിച്ചില്ല. വില്‍ യങ്(45), രചിന്‍ രവീന്ദ്ര(39) എന്നിവര്‍ പുറത്താവാതെ നിന്നു.

ഇന്നലെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 462 റണ്‍സില്‍ അവസാനിച്ചതോടെയാണ് ന്യൂസിലന്‍ഡിന് മുന്നില്‍ 107 റണ്‍സ് വിജയലക്ഷ്യം വന്നത്. നാലാം ദിനമായ ഇന്നലെ ഇന്ത്യയുടെ അവസാന അഞ്ച് വിക്കറ്റുകള്‍ 29 റണ്‍സ് ചേര്‍ക്കുന്നതിനിടെ പിഴുത് കിവികള്‍ കളി അനുകൂലമാക്കുകയായിരുന്നു.

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സ്. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 402 റണ്‍സ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories