പാരീസ് ഒളിംപിക്സില്‍ ഇന്ത്യന്‍ കരുത്തുകാട്ടാന്‍ 117 അംഗ സംഘമാണ് അണി നിരക്കുന്നത്. ടോക്കിയോ ഒളിംപിക്‌സിനെക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കാനാണ് സംഘം ലക്ഷ്യമിടുന്നത്. മെഡല്‍ പ്രതീക്ഷകളായ പ്രധാന താരങ്ങളെ നോക്കാം.
2016ലെ റിയോ ഒളിംപിക്‌സില്‍ വെള്ളിയും, ടോക്കിയോയില്‍ വെങ്കലവും നേടിയ ബാഡ്മിന്റന്‍ താരം പിവി സിന്ധു ഇക്കുറി സ്വര്‍ണത്തില്‍ കുറഞ്ഞൊന്നും പാരീസില്‍ ലക്ഷ്യമിടുന്നില്ല. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയില്‍ മുന്നിലാണ് പി.വി സിന്ധു. പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യനായ നീരജ് ചോപ്രയും പാരീസില്‍ മെഡല്‍ സാധ്യതയുള്ള താരമാണ്.
ജാവലിനില്‍ മികച്ച റെക്കോര്‍ഡുള്ള താരത്തില്‍ നിന്നും സ്വര്‍ണ മെഡല്‍ തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ബാഡ്മിന്റണ്‍ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ സാത്വിക്സായിരാജ് ചിരാഗ് ഷെട്ടി സഖ്യം ഇക്കുറി മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ.
2020 ടോക്കിയോ ഒളിംപിക്‌സില്‍ നിരാശപ്പെടുത്തിയെങ്കിലും പാരീസില്‍ മെഡല്‍ സാധ്യത മുന്നോട്ടുവയ്ക്കുന്നു. ഭാരദ്വാഹനത്തില്‍ ടോക്കിയോയില്‍ വെള്ളി നേടിയ മീരാഭായ് ചാനുവും പാരീസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്. ഇന്ത്യക്കായി ഇറങ്ങുന്ന ഒരേയൊരു വെയ്റ്റ്‌ലിഫ്റ്ററാണ് ചാനു.
ടോക്യോയിലെ വെള്ളി പാരിസില്‍ സ്വര്‍ണമാക്കി മാറ്റാനുറച്ചാകും മീരാഭായ് ചാനു ഇറങ്ങുക. ഗുസ്തിയില്‍ 50 കിലോ ഗ്രാം വിഭാഗത്തില്‍ വിനേഷ് ഫോഗട്ടും ഇന്ത്യയ്ക്ക് പ്രതീക്ഷയേകുന്നു. മൂന്ന് തവണ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരം കൂടിയാണ് വിനേഷ് ഫോഗട്ട്.
2020ല്‍ ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലം നേടി കരുത്തുകാട്ടിയ ഹോക്കി ടീമില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യയ്ക്കുള്ളത്. 41 വര്‍ഷത്തിന് ശേഷം മെഡല്‍ നേടിയ ടീം മന്‍ പ്രീത് സിംഗിന്റെ നേതൃത്വത്തില്‍ ഇറങ്ങുമ്പോള്‍ ഗോള്‍വല കാക്കുന്നത് ഹോക്കിയിലെ വന്‍മതില്‍ പി.ആര്‍ ശ്രീജേഷാണ്.