ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. രാത്രി എട്ടുമണിക്ക് ആന്റിഗ്വയിലാണ് മത്സരം. രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുമ്പോള്‍ ആദ്യ മത്സരം പരാജയപ്പെട്ട ബംഗ്ലാദേശിനും ജയം അനിവാര്യമാണ്.
സൂപ്പര്‍ എട്ടിലെ ആദ്യമത്സരത്തില്‍ ആഫ്ഗാനിസ്ഥാവനെ വീഴ്ത്തിയ ആത്മ വിശ്വാസത്തിലാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നത്. മുന്‍നിര താരങ്ങള്‍ ബാറ്റിങ്ങില്‍ പതറിയ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെയും ബൗളിങ് നിരയുടെയും പ്രകടനമാണ് അഫ്ഗാനെതിരെ നിര്‍ണായകമായത്.
ബംഗ്ലാദേശിനെതിരെ ബാറ്റിങ്ങില്‍ മികച്ച റെക്കോര്‍ഡുള്ള നായകന്‍ രോഹിത് ശര്‍മ സ്‌കോര്‍ ചെയ്യുമെന്നാണ് ടീമിന്റെ പ്രതീക്ഷ. വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരും കരുത്തേകും. ഓള്‍ റൗണ്ടര്‍ നിരയില്‍ ഹര്‍ദിക് പാണ്ഡ്യയും അക്‌സര്‍ പട്ടേലും ജഡേജയും ടീമിന് പ്രതീക്ഷ നല്‍കുന്നു.
ജസ്പ്രീത് ബുമ്ര നയിക്കുന്ന പേസ് നിരയില്‍ അര്‍ഷ്ദീപ് സിംങ്ങും സ്പിന്‍ കരുത്തായി കുല്‍ദീപ് യാദവും ചേരുമ്പോള്‍ ബംഗ്ലേദേശ് നിരയ്ക്ക് ഭീഷണിയാകും. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച ഫോം പുലര്‍ത്തുന്ന താരങ്ങളാണ് ബംഗ്ലാദേശിന്റെ കരുത്ത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് കഴിഞ്ഞിരുന്നു.
നായകന്‍ നജ്മുല്‍ ഹുസൈന്‍, തൗഹിദ് ഹൃദോയ്, ലിട്ടന്‍ ദാസ്, തന്‍സിദ് ഹസന്‍ എന്നിവരാണ് ബാറ്റിങ്ങില്‍ പ്രതീക്ഷ. ഓള്‍റൗണ്ടര്‍ നിരയില്‍ കരുത്തായുള്ളത് ഷാക്കിബ് അല്‍ ഹസന്‍, മഹേദി ഹസ്സന്‍, മുസ്തഫിസര്‍ റഹ്‌മാന്‍, റിഷാദ് ഹൈസൈന്‍ എന്നിവരുള്‍പ്പെടുന്ന ബൗളിങ് നിരയും ചേരുമ്പോള്‍ ജയത്തില്‍ കുറഞ്ഞൊന്നും ബംഗ്ലാദേശിനുമില്ല.
ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ അനുകൂലമായ പിച്ചില്‍ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന പ്രതീക്ഷയില്‍ കൂടിയാണ് ഇരുടീമുകളും ഇറങ്ങുന്നത്.