ഇന്ത്യ ന്യൂസിലാന്‍ഡ് മൂന്നാം ടെസ്റ്റ് നാളെ മുതല്‍. രാവിലെ ഒന്‍പതരമുതല്‍ മുംബൈയിലാണ് മത്സരം. പരമ്പര കൈവിട്ടെങ്കിലും ആശ്വാസ ജയം തേടിയാണ് അവസാന മത്സരത്തിന് ഇന്ത്യയിറങ്ങുക.
സ്വന്തം തട്ടകത്തില്‍ പരമ്പര നഷ്ടമായതിന്റെ ക്ഷീണം മറക്കാന്‍ രോഹിതിനും സംഘത്തിനും ജയം അനിവാര്യമാണ്. ലോക ടെസറ്റ് ചാമ്പ്യന്‍ ഷിപ്പ് ഫൈനലിലേക്കുളള പാതയില്‍ ടീം ഇന്ത്യയ്ക്ക് മികച്ച പ്രകടനം പുറത്തെടുത്തേ തീരു. ബാറ്റിങ്ങില്‍ മികച്ച താരങ്ങളുണ്ടെങ്കിലും ഫോം കണ്ടെത്താനാവാത്തതാണ് ടീം നേരിടുന്ന പ്രതിസന്ധി.
നായകന്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കുന്നില്ല. രണ്ടാം ടെസ്റ്റില്‍ മധ്യനിരയുടെ തകര്‍ച്ചയും ടീമിന് തിരിച്ചടിയായി. രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിംങ്‌സുകളിലുമായി 11 വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദറിനൊപ്പം രവിചന്ദ്രന്‍ അശ്വിനും,ജഡേജയും ആതിഥേയര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
ജസ്പ്രീത് ബുംമ്ര നയിക്കുന്ന പേസ് നിരയും കിവീസിന് വെല്ലുവിളിയുയര്‍ത്തും. മറുവശത്ത് പരമ്പര നേടിയ ആത്മ വിശ്വാസത്തിലാണ് കിവീസ് ഇറങ്ങുന്നത്. നായകന്‍ ടോം ലാഥം, ഡിവോണ്‍ കോണ്‍വേ, ഓള്‍ റൗണ്ടര്‍ നിരയില്‍ രച്ചിന്‍ രവീന്ദ്ര തുടങ്ങിയ താരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ.
മിച്ചല്‍ സാന്റനര്‍, വില്യം ഒറൂര്‍ക്കെ എന്നിവര്‍ ബൗളിങ്ങില്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കും. ബാറ്റിങ്ങിന് അനുകൂലമായ വാങ്കഡെയിലെ പിച്ചില്‍ കിവീസിനെ തകര്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.