ശ്രീലങ്കയ്‌ക്കെതിരെ നേടിയ കൂറ്റന്‍ ജയത്തോടെ ലോകകപ്പില്‍ സെമിയില്‍ ഇടം നേടി ഇന്ത്യ. 302 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ലങ്ക 55 റണ്‍സിന് ഓളൗട്ടാകുകയായിരുന്നു. ലങ്കന്‍ ബാറ്റിംഗ് നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 14 റണ്‍സെടുത്ത കസുന്‍ രജിതയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി അഞ്ചോവറില്‍ 18 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ഒരു വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ലങ്കയെ എറിഞ്ഞിട്ടത്. ഏഴ് മത്സരങ്ങളില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്. 14 പോയന്റുമായി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. സ്‌കോര്‍ ഇന്ത്യ 50 ഓവറില്‍ 357-8, ശ്രീലങ്ക 19.4 ഓവറില്‍ 55ന് ഓള്‍ ഔട്ട്.