Getty Images
ലീഗ്‌സ് കപ്പ് ഫുട്‌ബോളില്‍ പ്രീക്വാര്‍ട്ടര്‍തേടി ലയണല്‍ മെസ്സിയുടെ ഇന്റര്‍മയാമി നാളെ ഇറങ്ങും. നോക്കൗട്ട് റൗണ്ടില്‍ മയാമിയുടെ മെസ്സിപ്പടയുടെ എതിരാളി ഓര്‍ലാണ്ടോ സിറ്റിയാണ്. നാളെ പുലര്‍ച്ചെ അഞ്ചിനാണ് മത്സരം.
ദി ഹെറോണ്‍സും ദി ലയണ്‍സും തമ്മിലുള്ള പോരാട്ടം ടെക്‌സാസിലെ ടൊയോട്ട സ്‌റ്റേഡിയത്തെ ത്രസിപ്പിക്കുമെന്ന് തീര്‍ച്ച. കാല്‍പ്പന്ത് കളിയിലെ മിശിഹ ലയണല്‍ മെസിയുടെ സ്വന്തം ഇന്റര്‍മയാമിക്ക് ഇന്റര്‍ കോണ്ടിനെന്റല്‍ലീഗ്‌സ് കപ്പിലെ നോക്കൗട്ട് മത്സരത്തില്‍ എതിരാളി ഓര്‍ലാണ്ടോ സിറ്റിയാണ്. വെല്ലുവിളി ഉയര്‍ത്തുന്ന എതിരാളിയായതിനാല്‍ ഇന്റര്‍മയാമി കഠിനപരിശീലനത്തിലാണ്.
പ്രസ്റ്റീജ് ടൂര്‍ണമെന്റില്‍ വിജയം മയാമിക്ക് അഭിമാനപ്രശ്‌നമാണ്. ടീം ഉടമ ഡേവിഡ് ബെക്കാമിനെയും ആരാധകപ്പടയെയും ആവേശത്തിലാറാടിക്കാന്‍ മയാമിയുടെ മെസ്സിപ്പടയ്ക്ക് ഓര്‍ലാണ്ടോ സിറ്റിയുടെ കഥ കഴിക്കണം. ലീഗ്‌സ് കപ്പിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ലയണല്‍ മെസി പുറത്തെടുത്ത ഇന്ദ്രജാല പ്രകടനങ്ങള്‍ മയാമി ആരാധകര്‍ക്ക് മറക്കാനാകില്ല. അത്രയേറെ മാസ്മരിക അനുഭവമാണ് കാല്‍പന്ത് കളിയിലെ മിശിഹ മയാമി ആരാധകര്‍ക്ക് സമ്മാനിച്ചത്.
മെസ്സി ടീമിലെത്തിയതോടെ ഒറ്റക്കെട്ടാണ് മയാമി ക്ലബ്. ജെറാര്‍ഡോ മാര്‍ട്ടീനോയുടെ പരിശീലനമികവില്‍ നോക്കൗട്ട് മറികടന്ന് മുന്നേറാനാകുമെന്നശുഭാപ്തി വിശ്വാസം ടീമിനൊന്നടങ്കമുണ്ട്. ജെ ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവുമായി ആറു പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായാണ് ഇന്റര്‍മയാമി നോക്കൗട്ട് റൗണ്ടിലേക്ക് ടിക്കറ്റെടുത്തത്.ഓര്‍ലാണ്ടോ സിറ്റിയാണ് നോക്കൗട്ട് റൗണ്ടില്‍ മയാമിയുടെ മെസ്സിപ്പടയുടെ എതിരാളി. ഐ ഗ്രൂപ്പ് ജേതാക്കളെന്ന നിലയിലാണ് ഓര്‍ലാണ്ടോ സിറ്റി മെസ്സിപ്പടയുമായി മുട്ടാന്‍ യോഗ്യത നേടിയത്.
എം എല്‍ എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഓര്‍ലാണ്ടോ സിറ്റി.23 മത്സരങ്ങളില്‍ നിന്നും 10 വിജയങ്ങള്‍ ഉള്‍പ്പെടെ 37 പോയിന്റാണ് ഓര്‍ലാണ്ടോ സിറ്റിക്കുള്ളത്.ഏറ്റവും ഒടുവിലായി ഇരുടീമുകളും 3 തവണ ഏറ്റുമുട്ടിയപ്പോള്‍ 2 വിജയങ്ങള്‍ ഓര്‍ലാണ്ടോസിറ്റിക്കൊപ്പം നിന്നു. ഒരു വിജയം ഇന്റര്‍മയാമി നേടി. ദി ലയണ്‍സ് എന്ന വിളിപ്പേരുള്ള ഓര്‍ലാണ്ടോസിറ്റി മികച്ച പോരാളികളുടെ സംഘമാണ്. അതിനാല്‍ തന്നെ ലീഗ്സ് കപ്പ് നോക്കൗട്ട് റൗണ്ടില്‍ മെസിയുടെ മയാമിക്ക് മികച്ച എതിരാളികളാണ് ഓര്‍ലാണ്ടോസിറ്റി.റോബിന്‍ ജാന്‍സണ്‍,കൈല്‍സ്മിത്ത്,സെസാര്‍ അറൗജോ,ഗോള്‍കീപ്പര്‍ പെഡ്രോ ഗല്ലെസെ എ്ന്നിവരാണ് ഓര്‍ലാണ്ടോ സിറ്റിയുടെ പ്രധാനതാരങ്ങള്‍.ടൂര്ണമെന്റില്‍ കിരീടം ഇന്റര്‍മയാമിക്ക് അഭിമാനപ്രശ്‌നമായതിനാല്‍ ടീം കാത്തിരിക്കുന്നത് പൊരിഞ്ഞ പോരിനാണ്.