കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോള്‍ കിരീടം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്. ഫൈനലിൽ 18-ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ കരുത്തരായ മോഹന്‍ ബഗാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് (4-3) നോര്‍ത്ത് ഈസ്റ്റ് തങ്ങളുടെ കന്നി ഡ്യൂറന്‍ഡ് കപ്പ് കിരീടം സ്വന്തമാക്കിയത്.
ഷൂട്ടൗട്ടില്‍ ബഗാന്‍ താരങ്ങളുടെ രണ്ട് കിക്കുകള്‍ ഗോള്‍കീപ്പര്‍ ഗുര്‍മീത് തടുത്തിട്ടു. ടീമിന്റെ ആദ്യ മേജര്‍ കിരീടം കൂടിയാണിത്.
നിശ്ചിത സമയത്ത് ഇരു ടീമും രണ്ടു ഗോളുകള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. രണ്ടു ഗോളിന് പിന്നിലായ ശേഷം രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച് നോര്‍ത്ത് ഈസ്റ്റ് മത്സരം ആവേശകരമാക്കി.