ഇന്ത്യ എക്കാലത്തും വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തിയ ഇനമാണ് ബാഡ്മിന്റണ്‍. ഇന്ത്യന്‍ ബാഡ്മിന്റണിലെ പുതിയ താരോദയം 22 കാരനായ ഒരു യുവാവാണ്. അരങ്ങേറ്റമത്സരത്തില്‍ തന്നെ കോര്‍ട്ടില്‍ സമഗ്രാധിപത്യം പുലര്‍ത്തിയ ലക്ഷ്യ സെന്‍.
ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങിയതേയുള്ളൂ ലക്ഷ്യ സെന്‍. ഒളിംപിക്‌സിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വരവറിയിച്ചു കഴിഞ്ഞു താരം.ഗ്വാട്ടിമാലയുടെ കെവിന്‍ കോര്‍ഡണിനെതിരെ നേരിട്ടുള്ള രണ്ടു സെറ്റുകളില്‍ അനായാസ ജയം. ചെറുപ്രായത്തിലേ റാക്കറ്റ് കയ്യിലെടുത്ത ലക്ഷ്യ ഒമ്പതാം വയസില്‍ പപ്രകാശ് പദുക്കോണ്‍ അക്കാദമിയിലെത്തി.
ബാഡ്മിന്റണിലെ വണ്ടര്‍ കിഡ് ആയിരുന്നു ലക്ഷ്യ. 2017 ല്‍ ഉത്തരാഖണ്ഡിലെ അല്‍മേറയില്‍ നിന്നുള്ള ഒരു പതിനാറുകാരന്‍ ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തിയപ്പോള്‍ ഇന്ത്യ അവനെ അത്ഭുതത്തോടെ നോക്കി. അതൊരു തുടക്കം മാത്രമായിരുന്നു.
2018ല്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടി.അതേ വര്‍ഷം നടന്ന യൂത്ത് ഒളിംപിക്‌സില്‍ വെള്ളി നേട്ടം. 2022 ല്‍ അന്നത്തെ ലോക ചാമ്പ്യന്‍ സിങ്കപ്പൂരിന്റെ ലോ കീന്‍ യൂവിനെ തകര്‍ത്ത് ഇന്ത്യന്‍ ഓപണില്‍ കിരീടം.
2023 ല്‍ കാനഡ ഓപണ്‍ കിരീടം. ഗുരുവായ പ്രകാശ് പദുക്കോണ്‍ 28 ആം വയസ്സില്‍ നേടിയ റെക്കോര്‍ഡാണ് ലക്ഷ്യ 20 ആം വയസില്‍ തകര്‍ത്തത്. ഒടുവില്‍ വലിയ സ്വപ്‌നത്തിലേക്കുള്ള വിളിയുമെത്തി. 2024 പാരീസ് ഒളിംപിക്‌സിനുള്ള ഏഴംഗ ടീമില്‍ ഒരാളായി ലക്ഷ്യയെന്ന 22 കാരനും.
സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും താരം ലക്ഷ്യമിടുന്നില്ല. രാജ്യവും. ഗുരുവിനെ വെന്ന ശിഷ്യനായി പാരീസില്‍ ലക്ഷ്യ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഷട്ടിലിനേക്കാള്‍ ഉയരത്തിലാണ് കോര്‍ട്ടില്‍ പറക്കുന്നത് .