Share this Article
image
മലയാളികളുടെ അഭിമാനമായി മാറിയ സഞ്ജു വി സാംസണ് ഇന്ന് 29-ാം ജന്മദിനം
Sanju V Samson, who became the pride of Malayalees, is celebrating his 29th birthday today

മലയാളികളുടെ അഭിമാനമായി മാറിയ സഞ്ജു വി സാംസണ് ഇന്ന് 29-ാം ജന്മദിനം. കേരളത്തില്‍ നിന്ന് കളിച്ചു വളര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി മാറിയ സഞ്ജുവിന് ജന്മദിനാശംസകള്‍ നേരുകയാണ് ക്രികറ്റ് ആരാധകര്‍. സ്വതസിദ്ധമായ ശൈലിയിലുള്ള ബാറ്റിംഗ്. വിക്കറ്റ് കീപ്പറെന്ന നിലയിലും ശ്രദ്ധേയമായ പ്രകടനം. ഗൗസ് അഴിച്ചുവെച്ചാല്‍ ഏറ്റവും വിശ്വസ്തനായ ഫീല്‍ഡര്‍.ചീറിപ്പാഞ്ഞു വരുന്ന പന്തിനെ നിസാരമായി അടിച്ചകറ്റുന്ന സഞ്ജുവിനെയാണ് എല്ലായിടത്തും കാണാനാകുക. ടോപ് ഓര്‍ഡറിലെ ഭയരഹിതനായ ബാറ്റ്സ്മാന്‍ എന്നാണ് സാക്ഷാല്‍ വിരാട് കോഹ്ലി പോലും സഞ്ജുവിനെ വിശേഷിപ്പിച്ചത്.

2015 ജൂലൈ 19ന് ഹരാരെയില്‍ സിംബാബ്വെയ്ക്ക് എതിരെയാണ് ടി20യില്‍ സഞ്ജു ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. 2021 ജൂലൈ 23ന് ശ്രീലങ്കയ്ക്കെതിരെയായിരുന്നു സഞ്ജുവിന്റെ ഏകദിന അരങ്ങേറ്റം. ഐപിഎല്ലില്‍ 1,000 റണ്‍സ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാന്‍, രഞ്ജി ട്രോഫി ടീമില്‍ ക്യാപ്റ്റനായ ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലില്‍ അര്‍ദ്ധ സെഞ്ച്വറി നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍, കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്നിങ്ങനെ നിരവധി ബഹുമതികള്‍ ഇതിനോടകം തന്നെ സഞ്ജു കരസ്ഥമാക്കി.2013ലെ എസിസി യു19 ഏഷ്യാ കപ്പിലും 2014 ലെ യു19 ലോകകപ്പിലും ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന സഞ്ജുവിനെ 2014ലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേയ്ക്ക് തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സഞ്ജുവിന് 11 അംഗ ടീമില്‍ ഇടം നേടാനായില്ല.പ്രതിഭ തെളിയിച്ചിട്ടും ഇന്ത്യന്‍ ടീമിലേയ്ക്ക് വേണ്ടത്ര പരിഗണിക്കപ്പെടാത്ത താരമാണ് സഞ്ജു .

ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മിന്നുന്ന പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടും ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിലും ടി20യിലുമായി ആകെ 11 മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്.ഒരേയൊരു ഏകദിന മത്സരത്തില്‍ മാത്രം ഇന്ത്യന്‍ ജഴ്സിയണിഞ്ഞ സഞ്ജു 46 റണ്‍സ് എടുത്തിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി 10 ടി20 മത്സരങ്ങളില്‍ നിന്നും 117 റണ്‍സും സഞ്ജു സ്‌കോര്‍ ചെയ്തിട്ടുണ്ട്. 121 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 3 സെഞ്ച്വറികളുടെയും 15 അര്‍ദ്ധ സെഞ്ച്വറികളുടെയും അകമ്പടിയോടെ 3068 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.2013 ഐപിഎല്ലിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും കേരള ക്രിക്കറ്റ് അസോസിയേഷന്റെ മികച്ച ക്രിക്കറ്റര്‍ക്കുള്ള എസ്.കെ നായര്‍ പുരസ്‌കാരവും സഞ്ജു സ്വന്തമാക്കി. 1994 നവംബര്‍ 11 ന് തിരുവനന്തപുരം വിഴിഞ്ഞത്തിനടുത്തുള്ള പുല്ലുവിളയിലാണ് സഞ്ജുവിന്റെ ജനനം.പിതാവ് സാംസണ്‍ വിശ്വനാഥ് ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിളും വിരമിച്ച ഫുട്ബോള്‍ കളിക്കാരനും പരിശീലകനുമാണ്. അമ്മ ലിജി വിശ്വനാഥ്. സഹോദരന്‍ സാലി സാംസണ്‍ ജൂനിയര്‍ ക്രിക്കറ്റില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്        

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories