Share this Article
ഏകദിനപരമ്പര തൂത്തുവാരിയതിനൊപ്പം മറ്റൊരു ടീമും നേടാത്ത നേട്ടവുമായി ദക്ഷിണാഫ്രിക്കയില്‍ ചരിത്രം കുറിച്ച് പാകിസ്ഥാന്‍
വെബ് ടീം
posted on 23-12-2024
1 min read
pak cricket

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ചരിത്രനേട്ടവുമായി പാക്കിസ്ഥാൻ. ഏകദിന പരമ്പര വിജയിച്ചതിനൊപ്പം  ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പരയിലെ മുഴുവന്‍ മത്സരങ്ങളും വിജയിക്കുന്ന ആദ്യ ടീമെന്ന നേട്ടമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്.

ജൊഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 36 റണ്‍സിനാണ് പാക് ടീം വിജയിച്ചത്. വിജയത്തോടെ ഏകദിന പരമ്പര 3-0 ന് പാകിസ്ഥാന്‍ സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ 81 റണ്‍സിനുമായിരുന്നു പാകിസ്ഥാന്റെ ജയം.

 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ സയിം അയുബിന്റെ സെഞ്ച്വറി കരുത്തില്‍ 308 റണ്‍സാണ് പാകിസ്ഥാന്‍ അടിച്ചെടുത്തത്. ബാബര്‍ അസമുമായി 115 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ച താരം ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനുമായി ചേര്‍ന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. പരമ്പരയിലെ തന്റെ രണ്ടാമത്തെ സെഞ്ച്വറിയും നേടി. 35ാമത്തെ ഓവറില്‍ പുറത്തായെങ്കിലും 94 പന്തില്‍ നിന്ന് 13 ഫോറുകളും രണ്ട് സിക്‌സറുകളും സഹിതം 101 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 42 ഓവറില്‍ 271 റണ്‍സിന് ഓള്‍ ഔട്ടായി. തുടര്‍ച്ചയായ മൂന്നാമത്തെ അര്‍ധസെഞ്ച്വറി നേടിയ ഹെന്റിച്ച് ക്ലാസന്‍ 43 പന്തില്‍ 12 ഫോറുകളും രണ്ട് സിക്‌സറുകളും സഹിതം 81 റണ്‍സ് നേടി. മറ്റ് ബാറ്റര്‍മാരെല്ലാം വിക്കറ്റ് നഷ്ടപ്പെടുത്തി മടങ്ങിയപ്പോള്‍ കോര്‍ബിന്‍ ബോഷ് 40 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ഐസിസി ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ എതിരാളികള്‍ക്ക് ശകത്മായ വെല്ലുവിളിയാണ് പാകിസ്ഥാന്‍ ഉയര്‍ത്തുന്നത്. ഓസ്‌ട്രേലിയയിലും സിംബാബ്‌വെയിലും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലും മികച്ച വിജയമാണ് ടീം നേടിയത്. 21 വര്‍ഷത്തിനിടെ ആദ്യമായി ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പര നേടിയ ടീം, സിംബാബ്‌വെക്കെതിരെ ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും തുടര്‍ന്നുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ച് പരമ്പര സ്വന്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories