ഇന്ത്യന്‍ ഫുട്‌ബോള്‍ നായകനും ഇതിഹാസ സ്ട്രൈക്കറുമായ സുനില്‍ ഛേത്രി വിരമിക്കുന്നു. ജൂണ്‍ ആറിനു കുവൈറ്റുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരം ഇന്ത്യന്‍ കുപ്പായത്തിലെ തന്റെ അവസാന പോരാട്ടമാണെന്നു ഛേത്രി വ്യക്തമാക്കി. എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം.
39ാം വയസിലാണ് ഇന്ത്യയിലെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍ കളി മതിയാക്കുന്നത്. ജൂണ്‍ ആറിന് കുവൈറ്റുമായുള്ള മത്സരം ഇന്ത്യന്‍ കുപ്പായത്തിലെ അവസാന മത്സരമാണെന്നാണ് ഛേത്രി വ്യക്തമാക്കിയത്. ദേശീയ ടീമിനായുള്ള യാത്ര അവിസ്മരണീയമാണെന്നും ഇന്ത്യക്കായുള്ള അരങ്ങേറ്റം ഒരിക്കലും മറക്കാന്‍ സാധിക്കാത്തതാണെന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് അദ്ദേഹം പറഞ്ഞു.
രാജ്യത്തിനായി കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിച്ചതിന്റെയും ഗോളുകള്‍ നേടിയതിന്റെയും റോക്കോര്‍ഡ് താരത്തിന്റെ പേരിലാണ്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ സജീവമായി കളിക്കുന്നവരില്‍ ഗോള്‍നേട്ടത്തില്‍ മൂന്നാമനാണ് ഛേത്രി.
150 മത്സരങ്ങൡ നിന്നായി 95 ഗോളുകളാണ് താരം നേടിയത്. ലയണല്‍ മെസിയും ക്രിസറ്റിയാനോ റോണാള്‍ഡോയുമാണ് മുന്നിലുള്ളത്. 2005 ജൂണ്‍ 12-ന് പാകിസ്താനെതിരേ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. ആ കളിയില്‍തന്നെ ഗോളും നേടി.
2012ല്‍ എഎഫ്സി ചലഞ്ച് കപ്പിലാണ് ഛേത്രി ആദ്യമായി നായകനായത്. പിന്നീട് സാഫ് ചാമ്പ്യന്‍ ഷിപ്പിലടക്കം രാജ്യത്തെ കിരീടത്തിലേക്ക് നയിക്കാനും താരത്തിന് കഴിഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഐ ലീഗിലും ബെംഗളൂരു എഫ്.സി.യെ കിരീടനേട്ടത്തിലേക്ക് നയിച്ച ഛേത്രി ഐഎസ്എല്ലില്‍ 155 മത്സരങ്ങളില്‍ നിന്ന് 61 ഗോള്‍ നേടിയിട്ടുണ്ട്.
19 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ കളമൊഴിയുന്നത് രാജ്യത്തെ ലോകഫുട്‌ബോള്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ഇതിഹാസമാണ്.