ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളുരു ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ബംഗളുരുവിലാണ് മത്സരം. പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഇരുടീമിനും ജയം അനിവാര്യമാണ്.
കരുത്തരായ ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയം ആവേശപ്പോരിനാണ് സാക്ഷ്യം വഹിക്കുക. സീസണില്‍ ഒരു ഘട്ടത്തില്‍ ആദ്യം പുറത്താകുമെന്ന് കരുതിയ ബംഗളുരു അഞ്ചുമത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചാണ് കരുത്തുകാട്ടിയത്.
സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ മികച്ച ഫോമിലുളള താരങ്ങളില്‍ തന്നെയാണ് ടീമിന്റെ പ്രതീക്ഷ. റണ്‍വേട്ടക്കാരില്‍ മുന്നിലുള്ള വിരാട് കോഹ്ലിക്കൊപ്പം നായകന്‍ ഫാഫ് ഡുപ്ലസിസ്, വില്‍ ജാക്ക്, രജത് പാട്ടിദാര്‍,ദിനേശ് കാര്‍ത്തിക്ക് തുടങ്ങിയവരാണ് ബാറ്റിങ്ങില്‍ കരുത്ത്.
മുഹമ്മദ് സിറാജ് നയിക്കുന്ന ബൗളിങ് നിരയില്‍ ഫൊര്‍ഗ്യൂസണ്‍, കരണ്‍ ശര്‍മ്മ തുടങ്ങിയവര്‍ പ്രതീക്ഷ നല്‍കുന്നു. 13 മത്സരങ്ങൡ നിന്ന് 6 മത്സരം ബംഗളുരു ജയിച്ചിട്ടുണ്ട്. മറുവശത്ത് 13 മത്സരങ്ങളില്‍ നിന്ന് ഏഴ് മത്സരങ്ങള്‍ ജയിച്ച ചെന്നൈക്കും പ്ലേ ഓഫിലെത്താല്‍ ജയം അനിവാര്യമാണ്.
നായകന്‍ ഋതുരാജ് ഗെയ്ക്വാദ് തന്നെയാണ് ബാറ്റിങ്ങില്‍ നെടുംതൂണ്‍. രച്ചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, മൊയീന്‍ അലി, ശിവം ദുബെ, എംഎസ് ധോണി എന്നിവരും ടീമിന് കരുത്താകും. സിമ്രജിത് സിംഗ്, രവീന്ദ്ര ജഡേജ, തുഷാര്‍ ദേശ് പാണ്ഡെ, മഹേഷ് തീക്ഷണ എന്നിവരാണ് ബൗളിങ്ങില്‍ പ്രതീക്ഷ.
ബാറ്റര്‍മാരുടെ പറുദീസ എന്നറിയപ്പെടുന്ന ബംഗളുരുവിലെ പിച്ചില്‍ ഉയര്‍ന്ന സ്‌കോറിലുള്ള ജയം ലക്ഷ്യമിട്ടാകും ചെന്നൈയും ബംഗളുരുവും ഇറങ്ങുക.