ഹാങ്ചൗ: 2023 ഏഷ്യൻ ഗെയിംസിൽ ഇന്ന് ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. ഗെയിംസിലെ 15-ാം സ്വർണം. വനിതകളുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണി സ്വർണം നേടി. 62.92 മീറ്റർ ദൂരം കണ്ടെത്തിയാണ് അന്നു സ്വർണം നേടിയത്.
പുരുഷന്മാരുടെ 800 മീറ്ററിൽ മലയാളി താരം മുഹമ്മദ് അഫ്സൽ വെള്ളി മെഡൽ നേടി. 1:48.43 മിനിറ്റിലാണ് താരം രണ്ടാം സ്ഥാനത്ത് മത്സരം അവസാനിപ്പിച്ചത്. ഇന്ത്യയുടെ 25-ാം വെള്ളിയാണിത്. പുരുഷന്മാരുടെ ഡെക്കാത്തലണിൽ ഇന്ത്യയുടെ തേജസ്വിൻ ശങ്കർ വെള്ളി നേടി. ആകെ 7666 പോയന്റ് നേടിയാണ് താരം വെള്ളി മെഡൽ നേടിയത്.
നേരത്തേ വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ പാറുള്‍ ചൗധരി സ്വര്‍ണം നേടി. അത്ഭുതക്കുതിപ്പ് നടത്തിയാണ് താരം ഒന്നാമതെത്തിയത്.
വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജ് വെങ്കലം നേടി. ഒരു ഘട്ടത്തിൽ പിറകിൽ പോയ വിദ്യ അവസാന നിമിഷം കുതിപ്പ് നടത്തി മൂന്നാമത് ഫിനിഷ് ചെയ്യുകയായിരുന്നു.
സ്ക്വാഷിൽ നിന്ന് ഇന്ത്യരണ്ട് മെഡൽ ഉറപ്പിച്ചിട്ടുണ്ട്. പുരുഷ സിംഗിൾസിലും മിക്സഡ് ഡബിൾസിലും ഇന്ത്യ സെമിയിലെത്തി. മിക്സഡ് ഡബിൾസിൽ സ്ക്വാഷിൽ മലയാളി താരം ദീപിക പള്ളിക്കൽ-ഹരിന്ദർ പാൽ സിങ് സഖ്യവും പുരുഷ സിംഗിൾസിൽ സൗരവ് ഘോഷാലും സെമിയിലെത്തി.
നേരത്തേ ബോക്‌സിങ്ങില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ മെഡല്‍ ഉറപ്പാക്കിയിരുന്നു. തായ്‌ലന്‍ഡിന്റെ ബൈസണ്‍ മനീകോണിനെ കീഴടക്കി വനിതകളുടെ 75 കി.ഗ്രാം വിഭാഗത്തില്‍ ലവ്‌ലിന ഫൈനലിലെത്തി.