കേരള ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടി. ഐഎസ്എല്ലില്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചതിന് ഏര്‍പ്പെടുത്തിയ പിഴശിക്ഷ കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ബ്ലാസ്റ്റേഴ്സിന്റെ അപ്പീല്‍ തള്ളി. ബംഗളൂരു എഫ്‌സിയുമായുള്ള മത്സരം പാതി വഴിയില്‍ ഉപേക്ഷിച്ചതിന് നാല് കോടി രൂപയാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ബ്ലാസ്റ്റേഴ്‌സിന് പിഴ ചുമത്തിയത്. ഈ പിഴ തുക കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം അംഗീകരിക്കാനാകില്ലന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അപ്പീല്‍ കമ്മിറ്റി വ്യക്തമാക്കി.
മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയും തുടരും. വിലക്ക് നേരിടുന്ന വുകോമനോവിച്ച് രണ്ടാഴ്ചയ്ക്കകം അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും അപ്പീല്‍ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് മുപ്പത്തിയൊന്നിനാണ് അച്ചടക്കനടപടിയുടെ ഭാഗമായി ബ്ലാസ്റ്റേഴ്സിനും കോച്ചിനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിഴ ചുമത്തിയത്.