ധാക്ക:ബംഗ്ലദേശിന് റെക്കോർഡോടെ വമ്പൻ ജയം. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലാണ് ബംഗ്ലദേശിന് കൂറ്റൻ ജയം. 662 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 115 റൺസിനു പുറത്തായി. ബംഗ്ലദേശിന് 546 റൺസ് ജയം. സ്കോർ: ബംഗ്ലദേശ് ഒന്നാം ഇന്നിങ്സ് 382, രണ്ടാം ഇന്നിങ്സ് 4ന് 425 ഡിക്ലയേഡ്. അഫ്ഗാനിസ്ഥാൻ ഒന്നാം ഇന്നിങ്സ് 146, രണ്ടാം ഇന്നിങ്സ് 115.
റൺസ് അടിസ്ഥാനത്തിൽ 21–ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണ് ബംഗ്ലദേശ് സ്വന്തമാക്കിയത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ജയവും. 1928, 1934 വർഷങ്ങളിൽ യഥാക്രമം ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് ഇതിനു മുൻപ് വമ്പൻ ജയങ്ങൾ സ്വന്തമാക്കിയത്. 2005ൽ ചിറ്റഗോംഗിൽ സിംബാബ്‌വെയ്‌ക്കെതിരെ നേടിയ 226 റൺസ് ജയമായിരുന്നു ബംഗ്ലദേശിന്റെ ഇതിനു മുൻപുള്ള ഏറ്റവും വലിയ ജയം.
നാലാം ദിനത്തിൽ, 2ന് 45 എന്ന നിലയിലാണ് അഫ്ഗാനിസ്ഥാൻ ബാറ്റിങ് പുനരാരംഭിച്ചത്. രണ്ടു ദിവസവും 8 വിക്കറ്റും ശേഷിക്കെ ജയത്തിലേക്ക് 617 റൺസ് കൂടിയാണ് അവർക്കു വേണ്ടിയിരുന്നത്. എന്നാൽ വെറും 70 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ സന്ദർശകർക്ക് തോൽവി സമ്മതിക്കേണ്ടി വന്നു. നാല് വിക്കറ്റ് നേടിയ ടസ്കിൻ അഹമ്മദ്, മൂന്നു വിക്കറ്റ് നേടിയ ഷോറിഫുൽ ഇസ്‌ലാം ഓരോ വിക്കറ്റ് വീതം നേടിയ മെഹിദി ഹസൻ മിറാസ്, എബദോട്ട് ഹുസൈൻ എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ അഫ്ഗാനിസ്ഥാന്റെ നടുവൊടിച്ചത്.പതിനൊന്നമനായി ഇറങ്ങിയ അഫ്ഗാൻ ബാറ്റർ സഹീർ ഖാൻ റിട്ടയർ ഹർട്ടായി. അഫ്ഗാൻ നിരയിൽ റഹ്മത്ത് ഷാ (30), ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി (13), കരീം ജനത് (18) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. രണ്ട് ഇന്നിങ്സിലും സെഞ്ചറി നേടിയ ബംഗ്ലദേശ് താരം നജ്മുൽ ഹുസൈൻ ഷാന്റോയാണ് പ്ലെയർ ഓഫ് മാച്ച്.